ടോക്കിയോ: ജപ്പാനും ചൈനയും അവകാശവാദമുന്നയിക്കുന്ന സെൻകാകു ദ്വീപിനരികെ ബോട്ട് മറിഞ്ഞ് കാണാതായ ഏഴ് പേർക്കായി തിരച്ചിൽ തുടർന്ന് ജപ്പാൻ കോസ്റ്റ്ഗാർഡ്. നിലവിൽ ടോക്കിയോ നിയന്ത്രിക്കുന്ന മേഖലയായ സെൻകാകു ദ്വീപിലാണ് ബോട്ട് മറിഞ്ഞത്. പട്രോളിങ്ങിന്‍റെ സമയത്ത് ബോട്ട് ദ്വീപിലൂടെ ഒഴുകി നീങ്ങുന്നത് കണ്ടതായി ജാപ്പനീസ് കോസ്റ്റ്ഗാർഡ് വക്താവ് കെയ്സുകെ നക്കാവോ അറിയിച്ചു. ഒരു തായ്‌വാൻ സ്വദേശിയും ആറ് ഇന്തോനേഷ്യക്കാരുമാണ് സംഘത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സിൽ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് വിവരം ലഭിച്ചതുമുതൽ ഞങ്ങൾ പട്രോളിംഗ് കപ്പലുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്' -അദ്ദേഹം പറഞ്ഞു.
സെൻകാകു ദ്വീപുകൾക്ക് അവകാശവാദമുന്നയിക്കുന്ന തായ്‌വാനിലെ തങ്ങളുടെ എതിരാളികളുമായി ജാപ്പനീസ് അധികാരികൾ സംസാരിക്കുന്നുണ്ടെന്നും നകാവോ പറഞ്ഞു. ജനവാസമില്ലാത്ത പ്രദേശത്തെ ബെയ്ജിങ് വിളിക്കുന്നത് ദിയാവു ദ്വീപുകൾ എന്നാണ്.
സെൻകാകു ദ്വീപിലേക്ക് മറിഞ്ഞ ബോട്ട് തായ്‌വാൻ രജിസ്റ്റർ ചെയ്ത മത്സ്യബന്ധന ബോട്ടാണെന്ന് തായ്‌വാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നാഷണൽ റെസ്‌ക്യൂ കമാൻഡ് സെന്റർ അപകടസ്ഥലത്തിന് സമീപമുള്ള തായ്‌വാനീസ് മത്സ്യബന്ധന ബോട്ടുകളെ തിരച്ചിലിൽ സഹായിക്കാൻ ബന്ധപ്പെട്ടിട്ടുണ്ട്. തായ്‌വാനിലെയും ജപ്പാനിലെയും തീരസംരക്ഷണ സേനയും തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും കപ്പലുകൾ അയച്ചിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.