ഗസ്സ: വൈദ്യുതി നിലച്ചതിനെ തുടർന്ന് കെട്ടിടങ്ങളിൽനിന്നുള്ള മലിനജലം തെരുവിലേക്കൊഴുകുന്നത് ഗസ്സയിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ആശങ്ക. ഏത് നിമിഷവും പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാമെന്ന ആശങ്കയിലാണ് ഗസ്സ നിവാസികളെന്ന് റഫ മുനിസിപ്പാലിറ്റി പ്രസിഡന്റ് അഹ്മദ് അൽ സൂഫി പറഞ്ഞു. ശുചീകരണം നടക്കാത്തതിനാൽ തെരുവുകളിലാകെ മാലിന്യം നിറഞ്ഞിട്ടുമുണ്ട്.
അൽ ശിഫ ആശുപത്രി വളപ്പിൽ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങൾ ഖബറടക്കാനാകാതെ കിടക്കുന്നതും കനത്ത വെല്ലുവിളിയാണ്. മൂക്കുപൊത്താതെ പരിസരത്ത് നിൽക്കാൻപോലുമാകുന്നില്ല. തെരുവുനായ്ക്കൾ മൃതദേഹം കടിച്ചുവലിച്ച് വികൃതമാക്കുന്നുമുണ്ട്. ആശുപത്രിയിലെ സ്ഥിതിയാകട്ടെ ഇതിനേക്കാൾ ഹൃദയഭേദകമാണ്.
രോഗികളെ ഒഴിപ്പിക്കാൻ ആക്രമണത്തിന് ഇടവേള വേണമെന്ന ആവശ്യം ഇസ്രായേൽ സേന മുഖവിലക്കെടുത്തിട്ടില്ല. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ ഇന്ധനം വാഗ്ദാനംചെയ്തിട്ടും നിരസിച്ചുവെന്ന ഇസ്രായേൽ വാദം ആശുപത്രി ഡയറക്ടർ മുഹമ്മദ് സാകൂത്ത് തള്ളി. 300 ലിറ്റർ ഇന്ധനം മാത്രമാണ് ഇസ്രായേൽ നൽകാമെന്നറിയിച്ചത്.
എന്നാൽ, ഇത് ഒരു മണിക്കൂർ ജനറേറ്റർ പ്രവർത്തിപ്പിക്കാൻപോലും മതിയാകില്ല. 8000 ലിറ്റർ ഇന്ധനമാണ് ഒരുദിവസത്തേക്ക് വേണ്ടത്. ഓക്സിജൻ പ്ലാന്റും ബോംബിട്ട് തകർത്തതിനാൽ അവശേഷിക്കുന്ന ഏതാനും സിലിണ്ടറുകളാണ് രോഗികളുടെ ജീവൻ നിലനിർത്താൻ ആശ്രയം.
ഗസ്സയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന 10 ആശുപത്രികൾക്ക് ആവശ്യത്തിന് ഇന്ധനമെത്തിച്ചില്ലെങ്കിൽ അവയും ഉടൻ പൂട്ടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിരന്തര ആക്രമണം അൽ ശിഫയെ ആശുപത്രിയല്ലാതാക്കി മാറ്റിയെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം പറഞ്ഞു. സൈന്യം വളഞ്ഞിരിക്കുന്നതിനാൽ സന്നദ്ധപ്രവർത്തകർക്കും ആശുപത്രിയിലേക്കെത്താനാകാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.