ഇസ്ലാമാബാദ്: പാകിസ്താന്റെ 24ാമത് പ്രധാനമന്ത്രിയായി ശഹബാസ് ശരീഫ് (72) തിങ്കളാഴ്ച അധികാരമേൽക്കും. മൂന്നുതവണ പ്രധാനമന്ത്രിയായ പാകിസ്താൻ മുസ്ലിം ലീഗ് (നവാസ്) നേതാവ് നവാസ് ശരീഫിന്റെ സഹോദരനാണ്. സംവരണ സീറ്റുകൾ ഉൾപ്പെടെ 336 അംഗ പാർലമെന്റിൽ 201 വോട്ട് നേടിയാണ് പി.എം.എൽ (എൻ), പി.പി.പി, എം.ക്യു.എം സഖ്യ പ്രതിനിധിയായി ശഹബാസ് തെരഞ്ഞെടുക്കപ്പെട്ടത്.
പി.ടി.ഐയുടെ ഉമർ അയ്യൂബ് ഖാന് 92 വോട്ടേ ലഭിച്ചുള്ളൂ. കേവല ഭൂരിപക്ഷത്തിന് വേണ്ടതിനെക്കാൾ 32 സീറ്റ് അധികം നേടാൻ ശഹബാസിന് കഴിഞ്ഞു. ഫെബ്രുവരി എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇംറാൻ ഖാൻ അവിശ്വാസത്തിലൂടെ പുറത്തായശേഷം കഴിഞ്ഞ ആഗസ്റ്റിൽ പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് മുന്നോടിയായി കാവൽ മന്ത്രിസഭ രൂപവത്കരിക്കുന്നതുവരെ ശഹബാസ് ശരീഫ് ആയിരുന്നു പ്രധാനമന്ത്രി. ഇത്തവണ നവാസ് ശരീഫ് പ്രധാനമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്നായിരുന്നു കരുതിയതെങ്കിലും അദ്ദേഹം പിൻവാങ്ങി സഹോദരനെ ഏൽപിക്കാൻ തീരുമാനിച്ചു.
സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും ശഹബാസ് ശരീഫിന് മുന്നിൽ കനത്ത വെല്ലുവിളിയാകും. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഇംറാൻ ഖാന്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി പ്രക്ഷോഭത്തിലാണ്. പാക് താലിബാനും മറ്റു തീവ്രവാദ സംഘടനകളും ബലൂചിസ്ഥാൻ, ഖൈബർ പക്തൂൺഖ്വ പ്രവിശ്യകളിൽ ഉയർത്തുന്ന സുരക്ഷ വെല്ലുവിളിയും ചെറുതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.