ടോക്യോ: വെടിയേറ്റ് മരിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയോടുള്ള ആദര സൂചകമായി സെപ്റ്റംബർ 27ന് ഔദ്യോഗിക അന്തിമോപചാര ചടങ്ങുകൾ സംഘടിപ്പിക്കാൻ ജപ്പാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനെതിരെ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നതോടെ ചടങ്ങ് വിവാദമായിരിക്കുകയാണ്.
കൂടുതൽ കാലം പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന ജാപ്പനീസ് നേതാവെന്ന നിലയിലും അദ്ദേഹത്തിന്റെ വിശിഷ്ട സംഭാവനകളും സാമ്പത്തിക രംഗത്ത് ജപ്പാനെ മികച്ച ശക്തിയാക്കി മാറ്റിയതും പരിഗണിച്ച് ആബെയുടെ അന്തിമോപചാര ചടങ്ങുകൾ ഔദ്യോഗികമായിത്തന്നെ വിപുലമായി നടത്തുന്നത് ഉചിതമാണെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോകാസു മാറ്റ്സുനോ പറഞ്ഞു.
1964ലെ ടോക്യോ ഒളിമ്പിക്‌സിനായി നിർമിച്ച നിപ്പോൺ ബുഡോകാനിൽ ഒരു മതേതര ചടങ്ങായി അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തുമെന്നും ചടങ്ങിലേക്ക് വിദേശത്തെ പ്രമുഖരെ ക്ഷണിക്കുമെന്നും മാറ്റ്സുനോ പറഞ്ഞു.
അതേ സമയം സംസ്കാര ചടങ്ങുകൾ രാജ്യത്തിന്റെ ഔദ്യോഗിക ചടങ്ങാക്കി മാറ്റുന്നതിനോട് പ്രതിപക്ഷ നേതാക്കളിൽനിന്നും പൊതുജനങ്ങളിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് പുറത്തുവരുന്നത്. ചിലർ ചടങ്ങിനായി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്നതിനെതിരെ രംഗത്തു വന്നു. ആബെയുടെ സംസ്‌കാരച്ചടങ്ങിനെ എതിർക്കുന്ന ഒരു വിഭാഗം ഈ തീരുമാനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കോടതിയെ സമീപിച്ചിരുന്നു.
മന്ത്രിസഭ തീരുമാനത്തെ എതിർത്ത് നിരവധി പ്രതിഷേധക്കാർ വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ ഓഫിസിന് പുറത്ത് നിലയുറപ്പിച്ചിരുന്നു. തീരുമാനം പൊതു സമവായത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് മിസുഹോ ഫുകുഷിമ പറഞ്ഞു. ആബെയുടെ സ്വകാര്യ സംസ്‌കാരം ഇതിനകംതന്നെ നടന്നുകഴിഞ്ഞു. ആയിരക്കണക്കിനുപേരാണ് ആബെയുടെ വിലാപയാത്രയിൽ പങ്കെടുത്തത്.
നാരാ പട്ടണത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ പിറകിലൂടെ എത്തിയ ആക്രമി നാടൻ തോക്കുപയോഗിച്ച് ഷിൻസോ ആബെക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമിയെ ഉടൻ പൊലീസ് പിടികൂടിയിരുന്നു. സുരക്ഷക്കും തോക്ക് നിയന്ത്രണത്തിനും പേരുകേട്ട രാജ്യത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ജപ്പാനിലെ വലിയ നേതാവുതന്നെ വെടിയേറ്റ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.