ഡബ്ലിൻ: വിഖ്യാത ഐറിഷ് ഗായിക സിനെയ്ഡ് ഒകോണർ നിര്യാതയായി. 56 വയസ്സായിരുന്നു. 1990ൽ പുറത്തിറങ്ങിയ ‘നത്തിങ് കംപയേഴ്സ് ടു യു’ എന്ന ഒറ്റ ഗാനത്തിലൂടെ ആഗോള പ്രശസ്തി നേടിയ ഗായികയാണ്. 2018ൽ ഇസ്‍ലാം മതവിശ്വാസിയായി മാറിയ സിനെയ്ഡ് തന്റെ പേര് ശുഹദ സദാഖത്ത് എന്ന് മാറ്റിയെങ്കിലും പ്രൊഫഷനൽ രംഗത്ത് പഴയ പേരുതന്നെ തുടരുകയായിരുന്നു.
പാട്ടിനുപുറമെ സാമൂഹിക പ്രശ്നങ്ങളിലടക്കം വെട്ടിത്തുറന്ന് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിലൂടെയും ശ്രദ്ധേയയായിരുന്നു സിനെയ്ഡ്. ‘ഞങ്ങളുടെ പ്രിയപ്പെട്ട സിനെയ്ഡിന്റെ വിയോഗം ഏറെ ദുഃഖത്തോടെ അറിയിക്കുകയാണ്. കുടുംബവും കൂട്ടുകാരും ഏറെ തകർന്നിരിക്കുന്ന വേളയിൽ സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥിക്കുന്നു’ -കുടുംബം പത്രക്കുറിപ്പിലൂടെ അനുഗൃഹീത ഗായികയുടെ നിര്യാണം അറിയിച്ചു. മരണകാരണമെന്താണെന്നും അന്ത്യം സംഭവിച്ചതെപ്പോഴാണെന്നും കുടുംബം വെളിപ്പെടുത്തിയിട്ടില്ല.
സിനെയ്ഡിന്റെ നാലു മക്കളിലൊരാളായ ഷെയ്ൻ കഴിഞ്ഞ വർഷം ജനുവരിയിൽ മരണപ്പെട്ടിരുന്നു. അതിനുശേഷം ഏറെ നിരാശയായിരുന്നു അവർ. ‘മകൻ പോയശേഷം മരിക്കാത്ത രാത്രിജീവിയായി കാലം തള്ളിനീക്കുകയാണ് ഞാൻ. അവനെന്റെ ജീവിതത്തിന്റെ സ്നേഹമായിരുന്നു. എന്റെ ആത്മാവിന്റെ വിളക്കായിരുന്നു’ -മകന്റെ ചിത്രത്തോടൊപ്പം ജീവിതത്തിലെ തന്റെ അവസാന ട്വീറ്റിൽ ഈയിടെ സിനെയ്ഡ് എഴുതിയതിങ്ങനെ. 2022 ജനുവരി ഏഴിന് ഷെയ്നിനെ കാണാതായി രണ്ടു ദിവസങ്ങൾക്കുശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ജീവിതം മുഴുവൻ പാരമ്പര്യ വിശ്വാസങ്ങളോട് എതിരിട്ടുനിന്നയാളായിരുന്നു സിനെയ്ഡ്. ഗ്ലാമറസായി ഷോകളിൽ പ്രത്യക്ഷപ്പെടാൻ സംഘാടകർ സമ്മർദം ചെലുത്തിക്കൊണ്ടിരുന്ന നാളുകളിൽ തല മുണ്ഡനം ചെയ്തായിരുന്നു അവരുടെ മറുപടി. പിന്നീട് അവർ മുടി വളർത്തിയതേയില്ല.
‘നത്തിങ് കംപയേഴ്സ് ടു യു’ എന്ന ഗാനം 1991ൽ നാല് ഗ്രാമി അവാർഡുകൾക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, അക്കാദമി കലയുടെ വ്യാപാരവശം മാത്രം ഉയർത്തിക്കാട്ടുന്നുവെന്ന് കുറ്റപ്പെടുത്തി സിനെയ്ഡ് അവാർഡുദാന ചടങ്ങ് ബഹിഷ്‍കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.