ഗസ്സയിൽ ആറാഴ്ച വെടിനിർത്തൽ: ചർച്ച പുരോഗമിക്കുന്നുവെന്ന് ബൈഡൻ

വാഷിങ്ടൺ: ഗസ്സയിൽ ആറാഴ്ച വെടിനിർത്താനും ഹമാസിന്റെ കൈവശമുള്ള ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനുമുള്ള ചർച്ച പുരോഗമിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിൽ ജോർഡൻ രാജാവ് അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വെടിനിർത്തൽ ചർച്ചകൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് അബ്ദുല്ല രാജാവ് വാഷിങ്ടണിലെത്തിയത്.

ഗസ്സയിൽ ഇനിയും നിരപരാധികളുടെ ചോര വീഴുന്നത് ദുഃഖകരമാണെന്നും ഏതുവിധേനയും വെടിനിർത്തൽ യാഥാർഥ്യമാക്കാനാണ് ശ്രമം നടത്തുന്നതെന്നും ബൈഡൻ പറഞ്ഞു. താൽക്കാലിക വെടിനിർത്തലല്ല, സമ്പൂർണ യുദ്ധവിരാമമാണ് വേണ്ടതെന്ന് അബ്ദുല്ല രാജാവ് അഭിപ്രായപ്പെട്ടു. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ വെടിനിർത്തൽ വ്യവസ്ഥകൾ സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ഡയറക്ടർ വില്യം ബേൺസ് ഇതിന്റെ ഭാഗമായി കൈറോയിലെത്തി. ഇസ്രായേൽ ചാരസംഘടനയായ മൊസാദ് തലവൻ ഡേവിഡ് ബെർണിയയും ബുധനാഴ്ച കൈറോയിലെത്തും.

ഗസ്സയിലെ ഫലസ്തീനികളുടെ ജീവിതം കൂടുതൽ ദുരിതമയമാകുന്നത് ചൂണ്ടിക്കാട്ടി അറബ് രാജ്യങ്ങൾ വെടിനിർത്തലിനായി സമ്മർദം ചെലുത്തിവരുകയാണ്. റഫയിൽ ആക്രമണം ശക്തമാക്കാനുള്ള ഇസ്രായേൽ തീരുമാനം ചർച്ചകൾക്കും ബന്ദിമോചനത്തിനും തിരിച്ചടിയാകുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ, ഇസ്രായേലിന് വീണ്ടും സൈനികസഹായം നൽകാനുള്ള പ്രമേയം യു.എസ് സെനറ്റ് പാസാക്കി. 1400 കോടി ഡോളറിന്റെ സഹായമാണ് നൽകുക. ഖാൻയൂനുസിലും റഫയിലും ഇസ്രായേൽ കനത്ത ആക്രമണം തുടരുകയാണ്. അൽജസീറ ലേഖകൻ ഇസ്മായിൽ അബൂ ഉമറിന് ചൊവ്വാഴ്ചത്തെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. അദ്ദേഹത്തിന്റെ വലതുകാൽ മുറിച്ചുമാറ്റി. 24 മണിക്കൂറിനിടെ 133 പേർകൂടി കൊല്ലപ്പെട്ടതോടെ ആകെ മരണം 28,473 ആയി. 68,146 പേർക്ക് പരിക്കുണ്ട്.

Tags:    
News Summary - Six-week ceasefire in Gaza: Biden says talks are progressing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.