കാലിഫോർണിയ: ഇസ്രായേലിന്റെ അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്നവർക്ക് ലോകം മുഴുവൻ കടിഞ്ഞാണിട്ട് പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ. ഫലസ്തീൻ എന്ന വാക്കിനെപ്പോലും പേടിക്കുന്ന അവസ്ഥയിലാണെന്ന് സാമൂഹിക വിമർശകരും സിനിമാസംവിധായകരും മാധ്യമപ്രവർത്തകരുമടക്കം സാക്ഷ്യം പറയുന്നു.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ്, യൂട്യൂബ്, ടിക് ടോക് എന്നീ പ്രമുഖ സമൂഹമാധ്യമങ്ങളാണ് ഇസ്രായേൽ അനുകൂലമല്ലാത്തതിനെ വെട്ടിനിരത്തുന്നത്. ഫ്രീ ഫലസ്തീൻ, ഐ സ്റ്റാൻഡ്വിത്ത് ഫലസ്തീൻ തുടങ്ങിയ ഹാഷ് ടാഗുകളെ ഒളിപ്പിക്കുകയോ ഇത്തരം പോസ്റ്റുകളെ ഒഴിവാക്കുകയോ ആണ് ചെയ്യുന്നത്. ‘അൽഗോരിതം’ മറികടക്കാൻ ചില വാക്കുകൾ സമൂഹമാധ്യമങ്ങൾ തന്നെ സ്വയം മുറിക്കുന്നതായും പരാതി ഉയരുന്നുണ്ട്.
ഫലസ്തീനിലെ ആക്രമണങ്ങളെക്കുറിച്ചുള്ള വിഡിയോയിൽ വംശഹത്യ എന്ന വാക്ക് ഉപയോഗിച്ചതിന് ടിക് ടോക്കിൽ നിയന്ത്രണം നേരിട്ടതായി ബെൽജിയത്തിലെ ആക്ടിവിസ്റ്റും സംവിധായകനുമായ തോമസ് മാഡൻസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ ‘ഫലസ്തീൻ’ എന്ന വാക്കുപയോഗിച്ചാൽ കമ്യൂണിറ്റി മാർഗരേഖ ലംഘിച്ചെന്ന് മുന്നറിയിപ്പുകളും പതിവാണ്. കഴിഞ്ഞ ദിവസം ലോസ് ആഞ്ജലസിലും സാൻഫ്രാൻസിസ്കോയിലും നടന്ന ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ ഇൻസ്റ്റഗ്രാമിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, ഇവയിൽ പലതും ആരും കാണാത്ത രീതിയിൽ ‘ഒളിപ്പിച്ചു’.
ചില ഇൻസ്റ്റഗ്രാം ഐ.ഡികളുടെ ബയോഗ്രഫിയിൽ ‘ഭീകരവാദി’ എന്ന് പ്രത്യക്ഷപ്പെട്ടതായും ഗുരുതരമായ ആരോപണമുയരുന്നുണ്ട്. ഇൻസ്റ്റയുടെ ഉടമകളായ ‘മെറ്റ’ ഈ ആരോപണത്തിൽ മറുപടി പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഫലസ്തീൻ അനുകൂല അക്കൗണ്ടുകളിലെ അറബി ഭാഷയിലെ തർജമയിലുണ്ടായ പിഴവെന്നാണ് മെറ്റയുടെ വിശദീകരണം. ‘ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യം’ എന്നും മെറ്റ പറയുന്നു. നിയന്ത്രണങ്ങളിൽ എതിർപ്പുള്ളവർക്ക് അപ്പീൽ നൽകാമെന്നും കമ്പനി വിശദീകരിച്ചു. പോസ്റ്റുകൾക്ക് ലോകം മുഴുവൻ ‘റീച്ച്’ കുറയുന്നത് വൈറസ് കാരണമാണെന്ന് മെറ്റ വക്താവ് ആൻഡി സ്റ്റോൺ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
കമ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിക്കുന്നതിനാലാണ് ചില വിഡിയോകൾ നീക്കംചെയ്യപ്പെടുന്നതെന്നും മറ്റു രാഷ്ട്രീയ ലക്ഷ്യമില്ലെന്നുമാണ് ‘ടിക് ടോക്’ അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 238 ഫലസ്തീൻ അനുകൂല പോസ്റ്റുകൾ സെൻസർ ചെയ്തതായി ഡിജിറ്റൽ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഫലസ്തീനിലെ അറബ് സെന്റർ ഫോർ സോഷ്യൽ മീഡിയ അഡ്വാൻസ്മെന്റ് പ്രവർത്തകൻ ജലാൽ അബുഖാദർ പറഞ്ഞു. ഫലസ്തീനികളും മനുഷ്യരാണെന്നും അവരുടെ നാട്ടിൽ സ്വതന്ത്രമായി, സമാധാനത്തോടെ ജീവിക്കാൻ അവകാശമുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ചെയ്തപ്പോൾ വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് കാണാനായതെന്നും ബ്രസൽസിൽനിന്നുള്ള പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത 26കാരിയായ മാർക്കറ്റിങ് മാനേജർ പറഞ്ഞു. വിദ്വേഷവാക്കുകളോ ചിത്രങ്ങളോ ഉപയോഗിക്കാത്ത ഇത്തരം സ്റ്റോറികൾ സെൻസർ ചെയ്യുന്നതെന്തിനെന്നും അവർ ചോദിക്കുന്നു. ഫലസ്തീനിലെ പോരാട്ടങ്ങൾക്ക് പിന്തുണയർപ്പിച്ച് അമേരിക്കയിൽ നടന്ന പ്രകടനം ഇൻസ്റ്റഗ്രാമിൽ ഇട്ടപ്പോൾ ഒരു മണിക്കൂറായിട്ടും ഒരാൾപോലും കണ്ടില്ലെന്ന് ഇന്ത്യയിൽനിന്ന് എൻജിനീയർ പറഞ്ഞു. സെൽഫി എടുത്ത് പോസ്റ്റ് ചെയ്തപ്പോൾ പതിവ് പ്രതികരണം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.