സിയോൾ: നായ മാംസത്തിന് ദക്ഷിണ കൊറിയയിൽ നിരോധനം. പാർലമെന്‍റിൽ ഇതുസംബന്ധിച്ച ബിൽ പാസായെങ്കിലും നിരോധനം ഇപ്പോൾ പ്രാബല്യത്തിൽ വരില്ല. രാജ്യത്തെ നൂറ്റാണ്ടുകളായുള്ള മാംസ ഭക്ഷണത്തിനേർപ്പെടുത്തിയ നിരോധനം മൂന്നു വർഷം കൊണ്ടാണ് നടപ്പാക്കുക.
ചൊവ്വാഴ്ചയാണ് നായ മാംസം ഉൽപാദനവും വിൽപനയും നിരോധിക്കുന്ന ബിൽ ദക്ഷിണ കൊറിയൻ പാർലമെന്‍റ് പാസാക്കിയത്. നായ മാംസം കഴിക്കുന്നത് കുറ്റകരമല്ലെങ്കിലും, 2027 ഓടെ നായ്ക്കളുടെ മാംസത്തിനായുള്ള വിൽപന, വിതരണം, കശാപ്പ്,എന്നിവ നിരോധിക്കുക എന്നതാണ് ബിൽ ലക്ഷ്യമിടുന്നത്.
ചരിത്ര വിജയം എന്നാണ് ഇതിനെ മൃഗസ്നേഹികൾ വിശേഷിപ്പിച്ചിരിക്കുന്നത്. കാരണം, മൃഗസ്നേഹികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു ഇത്. നായയെ അരുമയായി വളർത്തുന്നവരുടെ എണ്ണം രാജ്യത്ത് വർധിച്ചിരുന്നു. എന്നാൽ, വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് നായ മാംസ നിരോധനം നടപ്പിലായിരുന്നില്ല. ഒടുവിൽ ഇപ്പോൾ ഇത് നിയമമായതോടെ ലംഘിക്കുന്നവർക്ക് മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
ന്യൂയോർക്കിലെ മൃഗക്ഷേമ സംഘടനയായ അവെയർ കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയിൽ ഇതുസംബന്ധിച്ച് സർവേ നടത്തിയിരുന്നു. രാജ്യത്തെ മുതിർന്നവരിൽ 93% പേരും ഭാവിയിൽ നായ മാംസം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അഭിപ്രായപ്പെട്ടത്. 82% പേർ നിരോധനത്തെ പിന്തുണക്കുന്നവരായിരുന്നെന്നും സർവേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.