സിയോൾ: റഷ്യയും ഉത്തര കൊറിയയും തമ്മിൽ പ്രതിരോധ സഹകരണ കരാർ ഒപ്പിട്ടതിനു പിന്നാലെ, റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ദക്ഷിണ കൊറിയ.
കരാർ ഉടൻ അവസാനിപ്പിക്കണമെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ സഹമന്ത്രി കിം ഹോങ് ക്യൂൻ റഷ്യൻ അംബാസഡർ ജോർജി സിനോവിയോട് ആവശ്യപ്പെട്ടു. ഉത്തരകൊറിയയുടെ സൈനികശേഷി വർധിപ്പിക്കാൻ സഹായകമാകുന്ന നേരിട്ടോ അല്ലാതെയേ ഉള്ള ഏത് സഹകരണവും യു.എൻ രക്ഷാസമിതിയുടെ പ്രമേയത്തിന്റെ ലംഘനമാണെന്നും ദക്ഷിണ കൊറിയയുടെ സുരക്ഷക്ക് ഇത് ഭീഷണിയാണെന്നും ക്യൂൻ പറഞ്ഞു.
കരാർ റഷ്യയുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം റഷ്യയെ ഭീഷണിപ്പെടുത്താനുള്ള നീക്കം സ്വീകാര്യമല്ലെന്ന് സിനോവി പറഞ്ഞു. ഉത്തര കൊറിയയുമായുള്ള കരാർ ഏതെങ്കിലും രാജ്യത്തെ ഉന്നംവെച്ചുള്ളതല്ലെന്നും റഷ്യൻ എംബസി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
അതിനിടെ,ഉത്തര കൊറിയൻ സൈന്യം അതിർത്തി ലംഘിച്ചതിനെതുടർന്ന് മുന്നറിയിപ്പ് വെടിയുതിർത്തായി ദക്ഷിണ കൊറിയ അറിയിച്ചു. ഇതോടെ സൈന്യം പിൻവാങ്ങി. പുടിന്റെ ഉത്തര കൊറിയ സന്ദർശനത്തിനിടെയാണ് സംഭവമുണ്ടായത്.
ദക്ഷിണ കൊറിയൻ പ്രവർത്തകർ പ്യോങ്‌യാങ് വിരുദ്ധ പ്രചാരണ ലഘുലേഖകൾ വഹിച്ചുകൊണ്ടുള്ള ബലൂണുകൾ അതിർത്തിക്കപ്പുറത്തേക്ക് പറത്തി. ഇതിന് തിരിച്ചടിയുണ്ടാകുമെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.