സിയോൾ: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്ന് ദക്ഷിണകൊറിയ. കിഴക്കൻ കടലിലേക്കാണ് ഉത്തരകൊറിയ മിസൈൽ തൊടുത്തതെന്നും ദക്ഷിണകൊറിയ അറിയിച്ചു. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് മിസൈൽ പരീക്ഷണം.
മിസൈൽ എത്ര ദൂരം സഞ്ചരിച്ചുവെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ദക്ഷിണകൊറിയൻ സംയുക്ത സൈനിക മേധാവി അറിയിച്ചു. ജപ്പാന്റെ പ്രദേശത്തേക്ക് മിസൈൽ എത്തിയോ എന്നതിൽ പരിശോധന തുടരുകയാണെന്ന് ജപ്പാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലിനായി കോസ്റ്റ് ഗാർഡ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തുന്നതിന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ കഴിഞ്ഞ ദിവസം റഷ്യയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ യുക്രെയ്നെതിരായ യുദ്ധത്തിൽ ഉപയോഗിക്കുന്നതിന് ഉത്തരകൊറിയ ആയുധങ്ങൾ വിൽക്കണമെന്നാണ് റഷ്യ ആവശ്യപ്പെടുന്നതെന്ന് അമേരിക്ക അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, പ്രത്യുപകാരമായി ഭക്ഷ്യസഹായവും തങ്ങളുടെ ആണവ, മിസൈൽ പദ്ധതിക്കാവശ്യമായ സാങ്കേതിക വിദ്യയുമാണ് ഉത്തര കൊറിയ ആവശ്യപ്പെടുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
റഷ്യയുടെ കിഴക്കൻ മേഖലയായ വ്ലാദിവോസ്റ്റോക്കിലാണ് വ്ലാദിമിർ പുടിനുള്ളത്. ഉത്തര കൊറിയൻ അതിർത്തിയിൽനിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് ഇത്. അതേസമയം, എവിടെയാണ് കൂടിക്കാഴ്ച നടക്കുകയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കിഴക്കൻ മേഖലയിലുള്ള വൊസ്റ്റോച്ച്നി ബഹിരാകാശ കേന്ദ്രത്തിൽ വെച്ചായിരിക്കും കൂടിക്കാഴ്ചയെന്ന് റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.