വംശഹത്യ: ഇസ്രായേലിനെതിരായ കേസിൽ കക്ഷിചേരാൻ സ്പെയിൻ

ബാഴ്സലോണ: വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ കക്ഷിചേരാൻ അനുമതി തേടി സ്പെയിൻ. ഈ ആവശ്യം ഉന്നയിച്ച് രംഗത്തുവരുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് സ്പെയിൻ. ഗസ്സയിലും പശ്ചിമേഷ്യയിലും സമാധാനം പുലരണമെന്ന ആഗ്രഹവുമായാണ് കോടതിയിലെത്തിയതെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് പറഞ്ഞു.

സ്പെയിൻ, അയർലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തിന് കഴിഞ്ഞമാസം അംഗീകാരം നൽകിയിരുന്നു. നെതർലൻഡ്സിലെ ഹേഗിൽ വിചാരണ തുടരുന്ന കേസിൽ കക്ഷിചേരണമെന്ന ആവശ്യവുമായി മെക്സികോ, കൊളംബിയ, നികരാഗ്വ, ലിബിയ എന്നീ രാജ്യങ്ങളും ഫലസ്തീനും ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട്.

റഫ ആക്രമണം നിർത്തണമെന്ന് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും ഇസ്രായേൽ തയാറായിട്ടില്ല. ഗസ്സയിലേത് വംശഹത്യയല്ലെന്നും ഹമാസിനെ ഇല്ലാതാക്കാനുള്ള സൈനിക നീക്കം മാത്രമാണെന്നുമാണ് ഇസ്രായേൽ നിലപാട്.

അതേസമയം, അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറിൽ മധ്യസ്ഥരായ ഖത്തറും ഈജിപ്തും ചർച്ച തുടരുന്നുണ്ടെങ്കിലും ധാരണയിലെത്താനായിട്ടില്ല. കരാർ വ്യവസ്ഥകൾ ഹമാസ് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് യു.എസ്, യു.കെ, ഫ്രാൻസ്, ജർമനി, സ്പെയിൻ എന്നിവയടക്കം 17 രാജ്യങ്ങളുടെ പ്രസ്താവന വൈറ്റ്ഹൗസ് പുറത്തുവിട്ടു.

Tags:    
News Summary - Spain applies to join South Africa’s case at top UN court accusing Israel of genocide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.