കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന ശ്രീലങ്കയിൽ ശനിയാഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കും. രാത്രി വൈകി ഫലം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. 38 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.
2022ലെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് അന്നത്തെ പ്രസിഡന്റ് ഗോട്ടബയ രാജപക്സ നാടുവിട്ടിരുന്നു. തുടർന്ന്, പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് രാജ്യത്തെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവന്ന റനിൽ വിക്രമസിംഗെ വീണ്ടും ജനവിധി തേടുന്നുണ്ട്. ആറുതവണ രാജ്യത്തിന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട് 75കാരനായ റനിൽ വിക്രമസിംഗെ.
2.20 കോടി ജനസംഖ്യയുള്ള ശ്രീലങ്കയിലെ 12 ശതമാനം വരുന്ന തമിഴ് വംശജരുടെ സംഘടനകൾ ചേർന്ന് ഇത്തവണ പി അറിയനേതിരനെ പൊതുസ്ഥാനാർഥിയായി മത്സരിപ്പിക്കുന്നുണ്ട്. സിംഹള ഭൂരിപക്ഷമുള്ള ശ്രീലങ്കയിലെ തെരഞ്ഞെടുപ്പ് ആഭ്യന്തര യുദ്ധത്തിൽ തകർന്ന തമിഴ് വംശജരുടെ ജീവിതത്തിൽ കാര്യമായ മാറ്റമുണ്ടാക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജനത വിമുക്തി പെരമുനയുടെ അനുര കുമാര ദിസ്സനായകെ, സമാഗി ജന ബലവേഗയ പാർട്ടിയുടെ സജിത് പ്രേമദാസ എന്നിവരാണ് മറ്റു പ്രധാന സ്ഥാനാർഥികൾ. റനിൽ വിക്രമസിംഗെയുടെ യു.എൻ.പി വിഭജിച്ചാണ് ഇടതുപക്ഷ അനുഭാവിയായ പ്രേമദാസ പുതിയ പാർട്ടിയുണ്ടാക്കിയത്. മുൻ പ്രസിഡന്റ് മഹീന്ദ രാജപക്സയുടെ മകനും 38കാരനുമായ നമൽ രാജപക്സയും മത്സര രംഗത്തുണ്ട്.
രാവിലെ ഏഴിന് തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് നാലോടെ പൂർത്തിയാവും. രാത്രി 9.30 ഓടെ വോട്ടെണ്ണൽ ആരംഭിക്കും. ശ്രീലങ്കൻ തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തിൽ 13,134 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 1.70 കോടി ജനങ്ങൾക്കാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കാൻ യോഗ്യതയുള്ളത്. ബാലറ്റ് പേപ്പറുകളിലാണ് വോട്ട് രേഖപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.