‘തമിഴ് വംശഹത്യ’: ട്രൂഡോയുടെ പരാമർശത്തിൽ പ്രതിഷേധവുമായി ശ്രീലങ്ക

കൊളംബോ: ശ്രീലങ്കയിലെ രക്തരൂഷിത ആഭ്യന്തര കലാപത്തിന് അറുതി വരുത്തിയതിന്റെ 14ാം വാർഷികത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പരാമർശത്തിൽ പ്രതിഷേധവുമായി ശ്രീലങ്ക. ‘തമിഴ് വംശഹത്യ’ എന്ന് ട്രൂഡോ പറഞ്ഞതിനെതിരെയാണ് ശ്രീലങ്ക രംഗത്തെത്തിയത്. കൊളംബോയിലെ കനേഡിയൻ ഹൈകമീഷണറെ വിളിച്ചുവരുത്തിയ ശ്രീലങ്ക പ്രതിഷേധം അറിയിക്കുകയും ചെയ്തു.

രാജ്യത്തെ തമിഴ് ന്യൂനപക്ഷത്തിന് പ്രത്യേക രാജ്യം ആവശ്യപ്പെട്ട് തമിഴ് പുലികൾ 1983ൽ ആരംഭിച്ച സായുധ പോരാട്ടത്തിന് 2009 മേയ് 18ന് എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ വധിച്ചതോടെയാണ് വിരാമമായത്.

വ്യാഴാഴ്ച കനേഡിയൻ പ്രധാനമന്ത്രി നടത്തിയ പ്രസംഗമാണ് വിവാദമായത്. ‘‘മുള്ളിവൈക്കലിലെ കൂട്ടക്കൊലയിൽ ഉൾപ്പെടെ പതിനായിരക്കണക്കിന് തമിഴർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേരെ കാണാതാവുകയോ പരിക്കേൽക്കുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. ഞങ്ങളുടെ മനസ്സ് ഇരകൾക്കും അതിജീവിതർക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഒപ്പമാണ്, വിവേകശൂന്യമായ ആക്രമണത്തിന്റെ വേദനയിൽ നീറി അവർ ഇന്നും ജീവിക്കുകയാണ്. സംഘർഷം ബാധിച്ച തമിഴ്-കനേഡിയൻ വംശജരുടെ കഥകൾ രാജ്യത്ത് കണ്ടുമുട്ടിയ പലരിൽനിന്നും കേട്ടിട്ടുണ്ട്. മനുഷ്യാവകാശങ്ങളും സമാധാനവും ജനാധിപത്യവും നിസ്സാരമായി കണക്കാക്കാനാവില്ലെന്ന ശാശ്വതമായ ഓർമപ്പെടുത്തലാണ് ഇവയെല്ലാം. അതുകൊണ്ടാണ് മേയ് 18 തമിഴ് വംശഹത്യ അനുസ്മരണ ദിനമാക്കാനുള്ള പ്രമേയം കഴിഞ്ഞ വർഷം പാർലമെന്റ് ഏകകണ്ഠമായി അംഗീകരിച്ചത്. ഈ സംഘട്ടനത്തിന്റെ ഇരകളുടെയും അതിജീവിച്ചവരുടെയും ശ്രീലങ്കയിലെ ബുദ്ധിമുട്ടുകൾ നേരിടുന്ന എല്ലാവരുടെയും അവകാശങ്ങൾക്കായി വാദിക്കുന്നത് കാനഡ അവസാനിപ്പിക്കില്ല’’ -ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

അതേസമയം, ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം ട്രൂഡോയുടെ പ്രസ്താവനകൾക്കെതിരെ രംഗത്തെത്തി. രാജ്യത്തെ മുൻകാല സംഘർഷങ്ങളുമായി ബന്ധപ്പെട്ട് വംശഹത്യയുടെ അതിരുകടന്ന അവകാശവാദങ്ങളാണ് പ്രസംഗത്തിലുള്ളതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന്, വിദേശകാര്യ മന്ത്രാലയം കൊളംബോയിലെ കനേഡിയൻ ഹൈകമീഷണർ എറിക് വാൽഷിനെ വിളിച്ചുവരുത്തുകയും ട്രൂഡോയുടെ പരാമർശത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

ഒരു രാജ്യത്തിന്റെ നേതാവിൽനിന്നുള്ള ഇത്തരം നിരുത്തരവാദപരവും ധ്രുവീകരണപരവുമായ പ്രഖ്യാപനങ്ങൾ കാനഡയിലും ശ്രീലങ്കയിലും സമാധാനവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുന്നതിന് പകരം അനൈക്യവും വിദ്വേഷവും വളർത്തുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Tags:    
News Summary - Sri Lanka slams Canada over Trudeau’s ‘Tamil genocide day’ remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.