ലങ്കക്ക് ദിശകാട്ടാൻ ദിസനായകെ; പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇടത് നേതാവിന് മിന്നും ജയം

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നാഷണൽ പീപ്പിൾസ് പവർ (എൻ.പി.പി) വിശാല മുന്നണി സ്ഥാനാർഥിയായ ഇടത് നേതാവ് അനുര കുമാര ദിസനായകെയെ (55) തെരഞ്ഞെടുപ്പ് കമീഷൻ വിജയിയായി പ്രഖ്യാപിച്ചു. പ്രാഥമിക വിവരങ്ങളനുസരിച്ച് ദിസനായകെ തിങ്കളാഴ്ച പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യും. 42.31 ശതമാനം വോട്ടുകൾ നേടിയാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ദിസനായകെ വിജയിച്ചത്. 


34 ശതമാനം വോട്ട് നേടിയ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയെയാണ് ദിസനായകെയെ പരാജയപ്പെടുത്തിയത്. നിലവിലെ​ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിജയിയായി പ്രഖ്യാപിക്കണമെങ്കിൽ 50 ശതമാനം വോട്ടുകൾ നേടണമായിരുന്നു. എന്നാൽ, ആർക്കും ആദ്യ റൗണ്ടിൽ 50 ശതമാനം വോട്ടുകൾ നേടാനായില്ല. തുടർന്ന് രണ്ടാം മുൻഗണനാ വോട്ടുകൾ എണ്ണിയാണ് വിജയിയെ പ്രഖ്യാപിച്ചത്. 

മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയായ ജെ.വി.പി (ജനത വിമുക്തി പെരമുന) നേതാവായാണ് 'എ.ഡി.കെ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദിസനായകെയുടെ വരവ്. കൊളംബോയിൽ നിന്നുള്ള പാർലമെന്‍റംഗമാണ്. 2022ലെ സാമ്പത്തിക മാന്ദ്യത്തിൽ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയ പശ്ചാത്തലത്തിലാണ് ശ്രീലങ്കക്കാർ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തിരിക്കുന്നത്. തകർച്ച നേരിട്ട സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതുൾപ്പെടെ അടിയന്തര വെല്ലുവിളികളാണ് പ്രസിഡന്‍റു പദവിയിൽ ദിസനായകെയെ കാത്തിരിക്കുന്നത്.

യൂനിവേഴ്‌സിറ്റി വിദ്യാർഥികളുടെയും അധ്യാപകരുടെയും തൊഴിലാളിവർഗത്തി​ന്‍റെയും പിന്തുണയാണ് ദിസനായകെക്ക് കരുത്തായത്. കടക്കെണിയിൽ ഉഴലുന്ന രാജ്യത്ത് അഴിമതി വിരുദ്ധതയുടെയും സംശുദ്ധമായ ഭരണത്തി​ന്‍റെയും പ്രതിച്ഛായ ഉയർത്തിയാണ് അദ്ദേഹം പ്രചാരണം നടത്തിയത്. കടംകൊണ്ട് വലഞ്ഞ രാജ്യത്തെ ജനങ്ങൾക്ക് കൂടുതൽ സാമ്പത്തിക ആശ്വാസം നൽകുന്നതിനായി രാജ്യത്തെ ഐ.എം.എഫ് (അന്തർദേശീയ നാണയ നിധി) പദ്ധതിയിൽ മാറ്റം വരുത്തുമെന്ന് അദ്ദേഹം പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. തെരഞ്ഞെടുക്ക​പ്പെട്ടാൽ അദാനി ഗ്രൂപ്പി​ന്‍റെ ശ്രീലങ്കയിലെ കാറ്റാടി വൈദ്യുതി പദ്ധതി റദ്ദാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.


Tags:    
News Summary - Sri Lanka’s Marxist leader declared President-elect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.