ടെൽ അവീവ്: 15,000 പിന്നിട്ട് ഗസ്സയിൽ ഇസ്രായേൽ കുരുതി തുടർന്നപ്പോഴും ഹമാസ് കേന്ദ്രങ്ങളിൽ തങ്ങൾക്ക് ലഭിച്ചത് മികച്ച പരിചരണവും സുരക്ഷിത വാസവുമായിരുന്നെന്ന് ബന്ദികൾ. കഴിഞ്ഞ ദിവസം ഹമാസ് മോചിപ്പിച്ച ആഗം, ഗാൽ, താൽ എന്നീ കുട്ടികളുടെ വല്യമ്മ വാർഡ ഗോൾഡ്സ്റ്റീൻ ഇസ്രായേലിലെ ചാനൽ 13ന് നൽകിയ അഭിമുഖത്തിലാണ് ഹമാസ് നൽകിയ മികച്ച പരിചരണത്തെക്കുറിച്ച് പ്രതികരിച്ചത്. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ ഇവരുടെ പിതാവ് കൊല്ലപ്പെട്ടിരുന്നു. മക്കൾ ബന്ദികളാക്കപ്പെടുകയും ചെയ്തു. പൂർണ ആരോഗ്യാവസ്ഥയിൽ ചിരിച്ചുകൊണ്ട് തങ്ങളിൽ വന്നണഞ്ഞ മക്കളുടെ കാഴ്ച കണ്ണുകൾ നിറച്ചെന്ന് വാർഡ ഗോൾഡ്സ്റ്റീൻ പറഞ്ഞു.
ഹമാസ് തുരങ്കങ്ങളിൽ കഴിഞ്ഞ കാലയളവിൽ തങ്ങൾ ഇസ്രായേലിലെ മാധ്യമങ്ങളിൽനിന്ന് വിവരങ്ങൾ അറിഞ്ഞിരുന്നതായി മറ്റൊരു ബന്ദിയെ ഉദ്ധരിച്ച് ഇസ്രായേൽ പത്രം ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം, തുരങ്കങ്ങൾക്കകത്ത് മതിയായ വെളിച്ചമില്ലാത്തതും ഭക്ഷണവും മറ്റും പ്രതീക്ഷിച്ച പോലെയാകാത്തതും തടസ്സമായതായി ചിലർ പറഞ്ഞു. അരി ഭക്ഷണം മാത്രമായിരുന്നു ലഭിച്ചത്. ഇതിനെക്കാൾ മെച്ചപ്പെട്ടതായിരുന്നു ചിലർക്ക് തുരങ്ക ജീവിതമെന്നും ഹാരെറ്റ്സ് റിപ്പോർട്ട് പറയുന്നു.
അവിടെയും സ്ഫോടനശബ്ദം കേട്ടിരുന്നതായും അവർ പങ്കുവെച്ചു. അതിനിടെ, ഞായറാഴ്ച ഹമാസ് മോചിപ്പിച്ച 84 വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. തിങ്കളാഴ്ച 39 ഫലസ്തീൻ തടവുകാരും 13 ഇസ്രായേലികളുമാണ് മോചിതരായത്. ഫലസ്തീനികളിൽ ഏറെപേരും കുട്ടികളാണ്. കല്ലെറിയൽപോലുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തതാണ് ഇവരിലേറെ പേരെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.