ബ്രസൽസ്: ഒമിക്രോൺ അതിവേഗം പടരുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ച് യൂറോപ്യൻ രാജ്യങ്ങൾ. ജർമനിയും പോർച്ചുഗലും ക്രിസ്മസിന് ശേഷം നിയന്ത്രണങ്ങളും സാമൂഹിക അകലവും കർശനമായി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. യൂറോപ്യൻ മേഖലയിലെ 53 രാജ്യങ്ങളിൽ 38ൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
ഫ്രാൻസിൽ കഴിഞ്ഞദിവസം 70,000 ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതലും ഒമിക്രോൺ വകഭേദമാണ്. ഈ വർഷാവസാനത്തോടെ ഫ്രാൻസിൽ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് വ്യാപനം കുറക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി ഫ്രാൻസിൽ അഞ്ചിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങി. അതേസമയം, 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് തൽകാലം ഇല്ലെന്നും അധികൃതർ പറഞ്ഞു.
28 മുതൽ ജർമനിയിൽ രാത്രി ക്ലബുകൾക്ക് നിരോധനമേർപ്പെടുത്തി. 10 പേരിൽ കൂടുതലുള്ള ഒത്തുചേരലുകൾക്കും നിരോധനമുണ്ട്. ഫുട്ബാൾ മത്സരങ്ങൾ അടഞ്ഞ സ്റ്റേഡിയങ്ങൾക്കുള്ളിൽ നടക്കും. കൊറോണ വൈറസിന് ക്രിസ്മസ് അവധി ബാധകമല്ലെന്ന് ജർമൻ ചാൻസലർ ഒലഫ് ഷോൾസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. പോർച്ചുഗലിൽ ബാറുകളും രാത്രി ക്ലബുകളും ഡിസംബർ 26 മുതൽ പ്രവർത്തിക്കില്ല. ജനുവരി ഒമ്പതുവരെ വർക് ഫ്രം ഹോം നിർബന്ധമാക്കി. ഒത്തുചേരലുകളിൽ 10ൽ കൂടുതൽ പേർ പാടില്ല.
ഫിൻലൻഡിൽ ബാറുകളും റസ്റ്റാറന്റുകളും ക്രിസ്മസ് തലേന്ന് രാത്രി 10ന് അടക്കണം. ഡിസംബർ 28 മുതൽ റസ്റ്റാറന്റുകൾ വൈകീട്ട് ആറുവരെ മാത്രമേ പ്രവർത്തിക്കാവൂ. പുറത്തുനിന്നുള്ളവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം.
സ്വീഡനിൽ ബാറുകളും കഫേകളും റസ്റ്റാറന്റുകളും സീറ്റുകൾക്ക് ആനുപാതികമായി മാത്രമേ ആളുകളെ പ്രവേശിപ്പിക്കൂ. സാധ്യമായവരോടെല്ലാം വീട്ടിലിരുന്ന് ജോലിചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. നെതർലൻഡിൽ തിങ്കളാഴ്ച മുതൽ ന ലോക്ഡൗൺ നിലവിലുണ്ട്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്മസിന് പിന്നാലെയാണ് നിയന്ത്രണം.
ജറൂസലം: ഒമിക്രോൺ പ്രതിരോധിക്കാൻ കോവിഡ് 19 വാക്സിെൻറ നാലാം ഡോസ് നൽകുന്ന ആദ്യത്തെ രാജ്യമാകാനൊരുങ്ങി ഇസ്രായേൽ. 60 വയസ്സിനു മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും നാലാമത്തെ ഡോസ് നൽകാനായി ആരോഗ്യവിദഗ്ധർ ശിപാർശ ചെയ്തു. ഒമിക്രോൺ ബാധിച്ച് ഒരു രോഗി മരിച്ചതിനെ തുടർന്നാണ് പുതിയ നടപടിയുമായി ഇസ്രായേൽ മുന്നോട്ടുവരുന്നത്. നേരത്തെ ബ്രിട്ടനിലും യു.എസിലും ഒമിക്രോൺ മരണം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേലിലും ഒമിക്രോൺ ബാധിച്ച് ഒരാൾ മരിച്ചത്. ആദ്യമായി വാക്സിനേഷൻ പൂർത്തീകരിച്ച രാജ്യമാണ് ഇസ്രായേൽ. ഇതിന് പിന്നാലെ ജനങ്ങൾക്ക് ബൂസ്റ്റർ ഡോസും നൽകി. ഇതിന് പിന്നാലെയാണ് ഇപ്പോൾ നാലാം ഡോസ് വാക്സിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുന്നത്. പ്രധാനമന്ത്രി നഫ്താലി ബെനറ്റ് പദ്ധതിയെ സ്വാഗതം ചെയ്തു. രാജ്യത്ത് 340 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചവർക്ക് ഏർപ്പെടുത്തിയ സ്വയം നിരീക്ഷണ കാലയളവ് 10 ൽ നിന്ന് ഏഴുദിവസമാക്കി കുറച്ചു. അസുഖം ഭേദമായെന്ന് തെളിയിക്കാൻ ക്വാറന്റീൻ തുടങ്ങി ആറാമത്തെയും ഏഴാമത്തെയും ദിവസങ്ങളിൽ എടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന് യു.കെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചു.
അടുത്തിടെ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 90,000 കടന്നിരുന്നു. ചൊവ്വാഴ്ച 90,629 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, ക്രിസ്മസിനോടനുബന്ധിച്ച് രാജ്യത്ത് കടുത്ത കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചിരുന്നു. എന്നാൽ, സ്കോട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ ഒത്തുചേരലുകൾക്ക് നിയന്ത്രണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.