ബംഗ്ലാദേശിൽ വിദ്യാർഥികളും അർധസൈനിക വിഭാഗവും ഏറ്റുമുട്ടി; 50 പേർക്ക് പരിക്കേറ്റു

ധാക്ക: ബംഗ്ലാദേശിൽ വിദ്യാർഥികളും അർധസൈനിക വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 50 പേർക്ക് പരിക്കേറ്റതായി ‘ദ ഡെയ്‌ലി സ്റ്റാർ’ റിപ്പോർട്ട് ചെയ്തു. ജോലി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച അർധ സൈനിക വിഭാഗമായ അൻസാർ വിഭാഗവുമായി വിദ്യാർഥികൾ നേർക്കുനേർ ഏറ്റുമുട്ടുകയായിരുന്നു. ശൈഖ് ഹസീനക്കെതിരെ നടന്ന പ്രക്ഷോഭത്തെ തുടർന്ന് അരാജകത്വവും അക്രമവും നടമാടിയ ബംഗ്ലാദേശ് പതുക്കെ പൂർവസ്ഥിതി കൈവരിക്കുന്നതിനിടെയാണ് പുതിയ സംഭവം.

അൻസാർ അംഗങ്ങൾ വിദ്യാർഥി നേതാവും താൽക്കാലിക സർക്കാറിലെ ഉപദേശകനുമായ നഹിദ് ഇസ്‌ലാം ഉൾപ്പെടെ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് സ്ഥിതി വഷളായത്. വാർത്ത പരന്നതോടെ ധാക്ക സർവകലാശാല വിദ്യാർത്ഥികൾ തടിച്ചുകൂടുകയും രാത്രി 9:20ഓടെ സെക്രട്ടേറിയറ്റിന് സമീപം അർദ്ധസൈനിക വിഭാഗവുമായി സംഘർഷം രൂപപ്പെടുകയുമായിരുന്നു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസിനെയും സൈന്യത്തെയും വിന്യസിച്ചു. സംഘർഷത്തെത്തുടർന്ന് അൻസാർ അംഗങ്ങൾ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അൻസാർ ആൻഡ് വില്ലേജ് ഡിഫൻസ് ഫോഴ്‌സിന്റെ ഡയറക്ടർ ജനറൽ മേജർ ജനറൽ അബ്ദുൽ മൊതലിബ് സസാദ് മഹ്മൂദ് പ്രതിഷേധക്കാർ അൻസാർ അംഗങ്ങളല്ലെന്നും പുറത്തുനിന്നുള്ളവരാണെന്നും അവകാശപ്പെട്ടു.

പ്രതിഷേധത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Students and paramilitary clash in Bangladesh; 50 people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.