ബോറിസിന്റെ പിൻഗാമി: കണ്ണെറിയുന്നത് ആരെല്ലാം?

ലീഡ്സ് (യു.കെ): വിവാദങ്ങളും കൂട്ടരാജിയും പാർട്ടി നേതൃത്വത്തിലും പ്രധാനമന്ത്രിപദത്തിലും നിന്ന് തൂത്തെറിഞ്ഞ ബോറിസ് ജോൺസന്റെ പിൻഗാമിയാകാൻ കൺസർവേറ്റിവ് എം.പിമാരുടെ മത്സരം. പകരക്കാരനെ കണ്ടെത്തുംവരെ പ്രധാനമന്ത്രിയായി തുടരാനാണ് ജോൺസന്റെ പദ്ധതി. എന്നാൽ, പ്രതിപക്ഷ പാർട്ടികളും അദ്ദേഹത്തിന്റെ കൺസർവേറ്റിവ് പാർട്ടിയിലെ ചിലരും ഉടൻ സ്ഥാനമൊഴിയണമെന്ന അഭിപ്രായമുള്ളവരാണ്. സെപ്റ്റംബറോടെ പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുമെന്നാണ് കരുതുന്നത്.

മുൻ ലെവലിങ് അപ് സെക്രട്ടറി മൈക്കൽ ഗോവ്, ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ്, മുൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് എന്നിവരുൾപ്പെടെ ചില മുതിർന്ന എം.പിമാർ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ബെൻ വാലസ്

മറ്റുള്ളവരെപ്പോലെ അറിയപ്പെടുന്നില്ലെങ്കിലും പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പിൻഗാമി നിരയിൽ മുന്നിലുണ്ട്. 52കാരനായ വാലസ് മുമ്പ് ബ്രിട്ടീഷ് ആർമിയിലും അംഗമായിരുന്നു. പാർലമെന്റ് അംഗങ്ങൾക്കിടയിലും ജനപ്രിയനാണ്. എന്നാൽ, ജോൺസന്റെ മന്ത്രിസഭയിൽനിന്ന് രാജിവെക്കാത്തത് പോരായ്മയായി പരിഗണിച്ചേക്കാം. വാലസാണ് നിരയിൽ ഒന്നാമനെന്ന് നിലവിലെ പോളിങ് സൂചിപ്പിക്കുന്നു.

പെന്നി മോർഡൗണ്ട്

വാണിജ്യനയ സഹമന്ത്രി പെന്നി മൊർഡോണ്ട് കൺസർവേറ്റിവ് പാർട്ടിയിൽ ഏറെ ആദരിക്കപ്പെടുന്ന വനിതയാണ്. ബ്രെക്‌സിറ്റ് അനുകൂല പ്രചാരണത്തിൽ മുൻപന്തിയിലുണ്ടായിരുന്നു 49കാരിയായ പെന്നി. കുറഞ്ഞകാലം പ്രതിരോധ മന്ത്രിയും വകുപ്പ് വിദേശകാര്യ ഓഫിസുമായി ലയിപ്പിക്കുന്നതിന് മുമ്പ് അന്താരാഷ്ട്ര വികസന സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്നു.

ഋഷി സുനക്

കോവിഡ് മഹാമാരിയുടെ പ്രാരംഭ ഘട്ടത്തിൽ ഭാവിനേതാവായി ഉയർന്നയാളാണ് ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ മരുമകൻ കൂടിയാണ് ഋഷി സുനക്. വിവാദങ്ങൾ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചെങ്കിലും സുനക് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

സാജിദ് ജാവിദ്

ജോൺസൺ മന്ത്രിസഭയിൽനിന്ന് രണ്ടുതവണയാണ് സാജിദ് ജാവിദ് രാജിവെച്ചത്. കോവിഡ് മഹാമാരിക്ക് തൊട്ടുമുമ്പ് 2020 ഫെബ്രുവരിയിൽ ധനമന്ത്രി സ്ഥാനവും കഴിഞ്ഞദിവസം ആരോഗ്യമന്ത്രിസ്ഥാനവും രാജിവെച്ചു. മാറ്റ് ഹാൻ‌കോക് രാജിവെച്ചതോടെയാണ് ജാവിദിനെ ആരോഗ്യമന്ത്രിയാക്കിയത്.

നാദിം സഹവി

വാക്‌സിൻ വിതരണത്തിന് നേതൃത്വം നൽകിയതോടെയാണ് നാദിം സഹാവി ശ്രദ്ധേയനാവുന്നത്.വിദ്യാഭ്യാസ സെക്രട്ടറി എന്ന നിലയിലുള്ള പ്രകടനം അനുകൂലമായി പരിഗണിക്കുന്നു. എന്നാൽ, ജോൺസൺ പുറത്താകുന്നതിന് തൊട്ടുമുമ്പ് ഋഷി സുനക്ക് രാജിവെച്ച ഒഴിവിൽ ധനമന്ത്രിയായത് തിരിച്ചടിയായേക്കാം.

ലിസ് ട്രസ്

പാർട്ടിയിലെ ശക്തരായ നേതാക്കളിൽ ഒരാളാണ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്. 46 കാരിയായ ലിസ് ട്രസ് വാണിജ്യ മന്ത്രിയായ ശേഷമാണ് വിദേശകാര്യ സെക്രട്ടറിയാവുന്നത്. യൂറോപ്യൻ യൂനിയനിൽ ബ്രിട്ടൻ തുടരണമെന്ന് ശക്തമായി വാദിച്ചിരുന്ന ലിസ് പിന്നീട് ബ്രെക്‌സിറ്റിന്റെ പ്രചാരകയായി മാറി.

• അറ്റോണി ജനറൽ സുവല്ല ബ്രാവർമാൻ, മുൻ ആരോഗ്യ സെക്രട്ടറി വിദേശകാര്യ സെക്രട്ടറിയുമായ ജെറമി ഹണ്ട്, കോമൺസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ടോം തുഗെൻഹാറ്റ് എന്നിവരും നിരയിലുണ്ട്. 

Tags:    
News Summary - Successor to Boris

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.