ഖാർത്തൂം: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ ഒരാഴ്ച നീളുന്ന വെടിനിർത്തലിന് ഇരുവിഭാഗവും തമ്മിൽ ധാരണയായി. സൗദി അറേബ്യയുടെയും യു.എസിന്‍റെയും മധ്യസ്ഥതയിൽ റിയാദിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ കരാരിൽ ഒപ്പിട്ടത്. ആറ് ആഴ്ച മുമ്പ് ആരംഭിച്ച സംഘർഷത്തിൽ ഇതിനകം നൂറു കണക്കിന് പേർ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് പേർ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി വൈകിയാണ് വെടിനിർത്തൽ കരാറിൽ ഒപ്പിട്ടത്. തിങ്കളാഴ്ച മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരിക. സംഘർഷ ബാധിത പ്രദേശങ്ങളിൽ മാനുഷിക സഹായം പുനസ്ഥാപിക്കുക, അത്യാവശ്യ സർവീസുകൾ പുനരാംഭിക്കുക, ആശുപത്രികളിൽ നിന്ന് സൈന്യത്തെ പിൻ വലിക്കുക എന്നീ നിർദേശങ്ങളും വെടിനിർത്തലിന്‍റെ ഭാഗമായി മുന്നോട്ടുവെച്ചിട്ടുണ്ട്. ഏപ്രിൽ 15ന് ആരംഭിച്ച സംഘർഷത്തിൽ 700ൽ ഏറെ പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 5500ൽ അധികം പേർക്ക് പരിക്കേറ്റതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഒരു ദശലക്ഷത്തിലധികം പേർ അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായും അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
സുഡാൻ സൈന്യവും അർധ സൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള സംഘർഷത്തിൽ തലസ്ഥാനമാ ഖാർത്തൂമിലെ ജന ജീവിതം അതിദുസ്സഹമായിരിക്കുകയാണ്. ഭക്ഷണം, പണം, അവശ്യവസ്തുക്കൾ എന്നിവയുടെ സ്റ്റോക്കുകൾ കുറഞ്ഞു. ബാങ്കുകൾ വൻതോതിൽ കൊള്ളയടിക്കപ്പെട്ടു. എംബസികളും ആരാധനാലയങ്ങളു പൂട്ടിയിട്ടിരിക്കുകയാണ്. ഖാർത്തൂമിലെ ഖത്തർ എംബസി ആയുധ ധാരികൾ കൊള്ളയടിച്ചതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.