സൂയസ് കനാലിൽ കുടുങ്ങിക്കിടക്കുന്നത് 320ഓളം കപ്പലുകൾ; 'എവർഗ്രീൻ' നീക്കാൻ ശ്രമം തുടരുന്നു

കൈറോ: കൂറ്റൻ ചരക്കുകപ്പലായ 'എവർഗ്രീൻ' ദിശതെറ്റി കുറുകെ കുടുങ്ങിയ സൂയസ് കനാലിൽ ഇരുവശത്തുമായി പെട്ടുകിടക്കുന്നത് 320ഓളം കപ്പലുകൾ. ആഗോള ചരക്കുഗതാഗതത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതയിലെ പ്രതിസന്ധി നീളുന്നത്. സൂയസിന് കുറുകെ കരയിൽ ഇടിച്ചുനിൽക്കുന്ന 'എവർഗ്രീൻ' ചരക്കു കപ്പലിനെ നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ടഗ്​ ബോട്ടുകൾ ഉപയോഗിച്ചും, ഇരുവശത്തെയും ​ഡ്രെഡ്​ജിങ്​ നടത്തി കപ്പൽ മോചിപ്പിച്ചും, കണ്ടയ്നറുകൾ മാറ്റി ഭാരം കുറച്ചുമാണ് കപ്പലിനെ നീക്കാൻ ശ്രമം തുടരുന്നത്​.

പൗരസ്​ത്യ ലോകവും പാശ്​ചാത്യ ലോകവും തമ്മിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയാണ്​ സൂയസ്​ കനാൽ. കപ്പലുകളെ ചരക്കു ഗതാഗതത്തിന്​ ഉപയോഗിക്കുന്ന നിരവധി കമ്പനികളെയും അതുവഴി രാജ്യങ്ങളെയും ഇത്​ സമ്മർദത്തിലാക്കുമെന്നുറപ്പ്​. ഏഷ്യയിൽനിന്ന്​ യൂറോപിലേക്കും വടക്കേ അമേരിക്കയിലേക്കും തിരിച്ചുമുള്ള വഴി മൂന്നാം ദിവസവും അടഞ്ഞുതന്നെ കിടക്കുകയാണ്​. ശനിയാഴ്ചയിലെ കണക്കുകൾ പ്രകാരം 320ഓളം കപ്പലുകളാണ്​ ഇരുവശങ്ങളിലുമായി കനാൽ തുറക്കാൻ കാത്തുകഴിയുന്നത്​. ആഗോള വ്യാപാരത്തിന്‍റെ 12 ശതമാനം വരുന്ന പാത എന്നു തുറക്കാനാവുമെന്ന്​ ഇതുവരെയും കൃത്യമായ ഉറപ്പു പറയാറായിട്ടില്ല. ശനിയാഴ്ച വൈകീ​ട്ടോടെ കപ്പൽ വീണ്ടും ഗതാഗത യോഗ്യമാക്കാനാകുമെന്നാണ്​ കണക്കുകൂട്ടുന്നതെന്ന്​ കപ്പൽ ഉടമയായ ഷോയ്​ കിസെൻ പ്രത്യാശ പ്രകടിപ്പിക്കുന്നു. എന്നാൽ, സാഹചര്യങ്ങൾ പ്രതികൂലമായാൽ അത്​ ആഴ്ചകളെടുക്കാമെന്നും കമ്പനി തന്നെ പറയുന്നു.




 

തായ്​വാൻ ആസ്​ഥാനമായ എവർഗ്രീൻ മറൈനു കീഴിലുള്ള കപ്പലിന്‍റെ അസാധാരണ നീളമാണ്​ ഏറ്റവും വലിയ വില്ലൻ. ശരാശരി 200 മീറ്ററിലേറെ വീതിയുള്ള കനാലിൽ 400 മീറ്ററുള്ള കപ്പലാണ്​ വിലങ്ങനെ കിടക്കുന്നത്​. നാലു ഫുട്​ബാൾ മൈതാനങ്ങളുടെ അത്രയും നീളമുണ്ടിതിന്​. നിറയെ ചരക്കായതിനാൽ എളുപ്പം രക്ഷപ്പെടുത്തലും ദുസ്സാധ്യം.

ഒമ്പത്​ ടഗ്​ ബോട്ടുകൾ ഇതിനകം കപ്പലിന്‍റെ ഇരുവശങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്​. കൂറ്റൻ കാബിളുകൾ ഉപയോഗിച്ചും തള്ളിയും ഇവ ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു. ഇരുവശങ്ങളിലും ആഴത്തിൽ പുതഞ്ഞുകിടക്കുന്നതിനാൽ ടഗ്​ ബോട്ടുകൾ ഉപയോഗിച്ച്​ വലിച്ചുനീക്കൽ എളുപ്പമല്ല.

ഇതു മനസ്സിലാക്കി ഇരുവശങ്ങളിലും എസ്​കവേറ്റർ ഉപയോഗിച്ചും അല്ലാതെയും​ ഡ്രെഡ്​ജിങ്​ പുരോഗമിക്കുകയാണ്​. മൂന്ന്​ ഡ്രെഡ്​ജറുകൾ ഇതിനകം സേവനത്തിനെത്തിയിട്ടുണ്ട്​. നെതർലൻഡ്​സ്​ ആസ്​ഥാനമായുള്ള ബോസ്​കാലിസ്​ ആണ്​ മണ്ണും മണലും നീക്കം ചെയ്യുന്ന ജോലി ചെയ്​തുകൊണ്ടിരിക്കുന്നത്​. 2015ലാണ്​ അവസാനമായി കനാൽ വീതി കൂട്ടിയിരുന്നത്​.

കപ്പലിലെ രണ്ടു ലക്ഷം ടൺ ചരക്കും ഇന്ധനവും നീക്കം ചെയ്യലും ആലോചിച്ചുവരികയാണ്​. എവർഗ്രീനിൽ മാത്രം 20,000 കണ്ടെയ്​നറുകൾ കയറ്റാനാകും. ഇവയത്രയും മാറ്റുന്നത്​ അതി സാഹസമാകും. സമ​യമേറെ വേണ്ടതും. കൃത്യമായി ഇരുവശത്തും ഭാരം സമീകരിച്ചില്ലെങ്കിൽ മറിയാൻ വരെ സാധ്യതയുണ്ടെന്നും​ പറയുന്നു, വിദഗ്​ധർ.

ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പൽ പാതകളി​ലൊന്നായ സൂയസ്​ കനാൽ വഴി പ്രതിദിനം 960 കോടി ഡോളർ (69,650 കോടി രൂപ) മൂല്യമുള്ള ചരക്ക്​ കടത്തുന്നുവെന്നാണ്​ കണക്കുകൂട്ടൽ. അതത്രയും​ കെട്ടിക്കിടക്കുന്നത്​ എണ്ണക്കു മാത്രമല്ല, മറ്റു അവശ്യ വസ്​തുക്കൾക്കും വില കൂട്ടാൻ ഇടയാക്കിയിട്ടുണ്ട്​. 24 എണ്ണ ടാങ്കറുകൾ മാത്രം കുടുങ്ങിക്കിടക്കുന്നതായാണ്​ കണക്ക്​. കൂറ്റൻ ചരക്കുകപ്പലുകൾ 41. വസ്​ത്രം, ഫർണിച്ചർ, നിർമാണ സാമഗ്രികൾ, കാർ സ്​പെയർ പാർടുകൾ തുടങ്ങി ചരക്കുകപ്പലുകളിൽ കുടുങ്ങിക്കിടക്കുന്നത്​ പലവിധ വസ്​തുക്കൾ.

ആഫ്രിക്കയിലെ ഗുഡ്​ഹോപ്​ മുനമ്പുവഴി കപ്പലുകൾ തിരിച്ചുവിടാനാണ്​ കമ്പനികൾ പരിഗണിക്കുന്നത്​. എന്നാൽ, ചെലവ്​ ഇരട്ടിയാക്കുമെന്നത്​ പലരെയും കാത്തുനിൽക്കാനും പ്രേരിപ്പിക്കുന്നു. ആഗോള വ്യാപാരത്തിന്‍റെ 80 ശതമാനവും നടക്കുന്നത്​ കടൽവഴിയാണ്​. 

Tags:    
News Summary - Suez Canal blocked: 320 ships stuck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.