തായ്പേയ്: തായ്വാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചൈനയുടെ രൂക്ഷ വിമർശകനും ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (ഡി.പി.പി) നേതാവുമായ ലായ് ചിങ് തെയ്ക്ക് ജയം. കൂടുതൽ ചൈന സൗഹൃദമെന്ന് അറിയപ്പെടുന്ന കുവോമിൻതാങ് (കെ.എം.ടി) പാർട്ടി സ്ഥാനാർഥി ഹൊ യു ഇ, തായ്വാൻ പീപ്ൾസ് പാർട്ടി (ടി.പി.പി) സ്ഥാനാർഥി കോ വെൻ ജെ എന്നിവരെ പിന്തള്ളിയാണ് തെയ് വിജയം കൈവരിച്ചത്. തായ്വാനെ പൂർണ സ്വതന്ത്ര റിപ്പബ്ലിക് ആക്കണമെന്ന നിലപാടാണ് ലായ് ചിങ് തേയ്ക്ക്.
എന്നാൽ, സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ തായ്വാനെ ബലമായി പിടിച്ചെടുക്കുമെന്നാണ് ചൈനീസ് നിലപാട്. അടുത്ത നാലു വർഷത്തേക്ക് ചൈനയുമായുള്ള ബന്ധത്തിൽ നിർണായകമാണ് തെരഞ്ഞെടുപ്പ്. ലായ് ചിങ്തെ അധികാരത്തിൽ വരരുതെന്ന് ചൈന താൽപര്യം പ്രകടിപ്പിച്ചിരുന്നു. ദേശീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനൊപ്പം ചൈനയുമായി ചർച്ച പുനരാരംഭിക്കുമെന്ന് കെ.എം.ടി പാർട്ടി സ്ഥാനാർഥി ഹൊ യു ഇ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നു. തായ്വാൻ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ചൈന യുദ്ധം അല്ലെങ്കിൽ സമാധാനം തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പായാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്.
ചൈനയുമായുള്ള പിരിമുറുക്കങ്ങൾക്ക് പുറമെ, സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം, വീടുനിർമണത്തിനുള്ള താങ്ങാനാവാത്ത ചെലവ്, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളും പ്രചാരണവിഷയമായിരുന്നു.
അതേസമയം പുതുതായി അധികാരമേറ്റെടുക്കുന്നവരെ കാണാൻ യു.എസ് അനൗദ്യോഗിക പ്രതിനിധിസംഘത്തെ അയക്കും. തായ്വാനിൽ ചൈനയുടെ എതിർപ്പ് നിലനിൽക്കുന്നതിനാൽ വിരമിച്ച ഉദ്യോഗസ്ഥരെയാണ് ‘അനൗദ്യോഗിക’ സന്ദർശനത്തിനായി അയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.