തായ്പേയി: 37 ദിവസത്തിനിടെ ഒരേ യുവതിയെ തന്നെ യുവാവ് നാലുതവണ വിവാഹം ചെയ്തു. തായ്വാനിലെ തായ്പേയിയിലാണ് സംഭവം. ബാങ്ക് ക്ലർക്കായി ജോലി ചെയ്യുന്ന യുവാവ് ലീവ് നീട്ടി കിട്ടാനാണ് ഇത്തരമൊരു തന്ത്രമെടുത്തത്.
വിവാഹാവശ്യത്തിനായി ലീവിന് അപേക്ഷിച്ചപ്പോൾ ബാങ്ക് ഇദ്ദേഹത്തിന് എട്ട് ലീവാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ ആറിനായിരുന്നു ആദ്യ വിവാഹം. പെയ്ഡ് ലീവ് ലഭിക്കുന്നതിനായി വിവാഹ ബന്ധം വേർപെടുത്തിയ ശേഷം ഇതേ യുവതിയെ വീണ്ടും വിവാഹം ചെയ്തു. നിയമപ്രകാരം തനിക്ക് അർഹതയുണ്ടെന്ന് തോന്നിയതിനാലായിരുന്നു അത്.
ശേഷം കല്യാണം തുടർക്കഥയാക്കിയ യുവാവ് മൂന്ന് തവണ ബന്ധം വേർപെടുത്തി. ഇപ്രകാരം 32 ദിവസത്തെ ലീവിന് അപേക്ഷിച്ചു. എന്നാൽ കാര്യങ്ങൾ യുവാവ് വിചാരിച്ച പോലെ നടന്നില്ല. ഇയാളുടെ കുതന്ത്രം തിരിച്ചറിഞ്ഞ ബാങ്ക് അധികൃതർ ലീവ് അനുവദിച്ചില്ല.
ലീവ് അനുവദിച്ച് തരാത്ത ബാങ്കിനെതിരെ യുവാവ് കോടതി കയറി. ലീവ് ചട്ടത്തിലെ ആർട്ടിക്ക്ൾ രണ്ടിന്‍റെ ലംഘനമാണ് ബാങ്ക് നടത്തിയതെന്ന് കാണിച്ച് യുവാവ് തായ്പേയ് സിറ്റി ലേബർ ബ്യൂറോയിലാണ് പരാതി നൽകിയത്.
നിയമപ്രകാരം വിവാഹത്തിനോടനുബന്ധിച്ച് തൊഴിലാളിക്ക് എട്ട് ദിവസത്തെ ലീവാണ് അനുവദിക്കേണ്ടത്. നാല് തവണ വിവാഹിതനായതിനാൽ തന്നെ ക്ലർക്കിന് 32 ലീവാണ് ലഭിക്കേണ്ടത്.
സംഭവം അന്വേഷിച്ച തായ്പേയി സിറ്റി ലേബർ ബ്യൂറോ ബാങ്ക് തൊഴിൽ നിയമത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തി. കഴിഞ്ഞ വർഷം ഒക്ടോബർ ഇന്ത്യൻ രൂപ 52,800 പിഴ വിധിക്കുകയും ചെയ്തു. ബാങ്ക് ഇതിനെതിരെ അപ്പീൽ നൽകി.
എന്നാൽ ക്ലാർക്കിന്‍റെ നടപടി അനീതിയാണെങ്കിലും അദ്ദേഹം നിയമം ലംഘിച്ചിട്ടില്ലെന്ന കാരണത്താൽ മുൻ വിധി അംഗീകരിക്കുന്നതായി ബെയ്‌ഷി ലേബർ ബ്യൂറോ ഏപ്രിൽ 10ന് വിധി പ്രസ്താവിച്ചു. ഏതായാലും ബാങ്ക് ക്ലാർക്കിന്‍റെ വിവാഹങ്ങളും തായ്വാനീസ് തൊഴിൽ നിയമത്തിലെ ന്യൂനതകളും സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.