കാബൂൾ: അഫ്ഗാനിസ്താനിൽ യൂനിവേഴ്സിറ്റി പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്ന് പെൺകുട്ടികളെ വിലക്കി താലിബാൻ. കഴിഞ്ഞ ഡിസംബറിൽ കോളജുകളിലും യൂനിവേഴ്സിറ്റികളിലും പഠിക്കുന്നതിന് താലിബാൻ ഭരണകൂടം പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ വിലക്ക് തുടരുമെന്നായിരുന്നു അറിയിച്ചിരുന്നത്.
പെൺകുട്ടികൾ ആറാംക്ലാസ് വരെ പഠിച്ചാൽ മതിയെന്നാണ് താലിബാന്റെ നയം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ പെൺകുട്ടികളെ പ്രവേശന പരീക്ഷ എഴുതാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം യൂനിവേഴ്സിറ്റികൾക്ക് നോട്ടീസ് നൽകിയിരുന്നു. എൻട്രൻസ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്നതിൽ നിന്നും പെൺകുട്ടികളെ വിലക്കിയിട്ടുണ്ട്.
മുൻ കാലത്തെ പോലെയായിരിക്കില്ല, സ്ത്രീകളെ മാനിച്ചുകൊണ്ടും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ കണക്കിലെടുത്തുകൊണ്ടുമുള്ള ഭരണമായിരിക്കും നടപ്പാക്കുക എന്നായിരുന്നു അധികാരം പിടിച്ചെടുത്തപ്പോൾ താലിബാന്റെ വാഗ്ദാനം. എന്നാൽ ഈ വാഗ്ദാനമെല്ലാം പാഴ്വാക്കാണെന്ന് പിന്നീട് ലോകത്തിന് ബോധ്യമായി.
2021 മേയിലാണ് താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തത്. അന്നുതൊട്ട് പെൺകുട്ടികളെ സ്കൂളുകളിൽ നിന്ന് വിലക്കി. സ്ത്രീകൾ ജോലി ചെയ്യാൻ പാടില്ലെന്നും ബന്ധുക്കളുടെ അകമ്പടിയില്ലാതെ പൊതുയിടങ്ങളിൽ ഇറങ്ങരുതെന്നും ഉത്തരവിട്ടു. പുറത്തിറങ്ങുന്ന വേളയിൽ ശരീരവും മുഖവും മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കണമെന്നും ശഠിച്ചു. ജിമ്മുകളും പാർക്കുകളും സ്ത്രീകൾക്ക് അന്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.