കാബൂൾ: താലിബാനെ പിന്തുണച്ചും പുകഴ്ത്തിയും ചൈനീസ് വിദേശകാര്യ മന്ത്രാലയം വീണ്ടും രംഗത്ത്. വിദേശകാര്യ മന്ത്രാലയം വക്താവ് ഹ്യൂ ച്യുൻയിങ്ങാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കിയത്.അഫ്ഗാനിസ്താന്റെ പരമാധികാരം മാനിക്കുന്ന തങ്ങൾ താലിബാനുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് ഹ്യൂ ച്യൻയിങ് പറഞ്ഞു.
''താലിബാൻ കഴിഞ്ഞ തവണ അധികാരത്തിലിരുന്നതിനേക്കാൾ സമചിത്തതയുള്ളവരും യുക്തിയുള്ളവരുമാണെന്ന് നിരവധി പേർ വിശ്വസിക്കുന്നുണ്ട്. താലിബാൻ ഗുണാത്മകമായ ഭരണം നടത്തുമെന്നും യോജിച്ച രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കുമെന്നും എല്ലാവരെയും ഉൾകൊള്ളുമെന്നും ചൈന പ്രതീക്ഷിക്കുന്നു''.
''തീവ്രവാദവും ക്രിമിനലിസത്തിനും തടയിട്ട് താലിബാൻ സമാധാനം സൃഷ്ടിക്കണം. യുദ്ധത്തെ അതിജീവിച്ച ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കണം. അഫ്ഗാനിൽ ദ്രുതഗതിയിലുണ്ടായ പരിണാമങ്ങളെക്കുറിച്ചും പൊതുജനാഭിപ്രായങ്ങളെക്കുറിച്ചും ലോകത്തെ മറ്റുള്ളവർക്ക് വസ്തുനിഷ്ഠമായ വിധികളില്ല. ഇക്കാര്യത്തിൽ പശ്ചാത്യ രാജ്യങ്ങൾ പ്രത്യേകിച്ചും ഒരു പാഠം പഠിക്കണമെന്ന് ഞാൻ കരുതുന്നു'' -ഹ്യൂ പറഞ്ഞു.
അഫ്ഗാൻ ജനതയുടെ സ്വയം നിർണയാധികാരത്തെ മാനിക്കുന്നുവെന്നും അവരുമായും സൗഹാർദപൂർണമായ ബന്ധം സ്ഥാപിക്കാൻ തയാറാണെന്നും ഹ്യൂ ച്യൻയിങ് നേരത്തേ അറിയിച്ചിരുന്നു. താലിബാന്‍ കാബൂളിലെത്തുന്നതിന് മുമ്പ് തന്നെ ചൈനയുമായി ചർച്ചകൾ നടത്തിയതിന്‍റെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം, കടുത്ത ഭീകര പ്രതിഛായയുള്ള താലിബാൻ ഒൗദ്യോഗികമായി അധികാരമേറുന്നതിന് മുമ്പ് തന്നെ ചൈന പിന്തുണ വാഗ്ദാനം ചെയ്തത് ലോകരാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. അഫ്ഗാനുമായി 76 കിലോമീറ്ററോളം അതിർത്തി പങ്കിടുന്ന രാജ്യമാണ് ചൈന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.