കാബൂൾ:1996മുതൽ 2001 വരെയാണ് അഫ്ഗാനിസ്താൻ താലിബാൻ ഭരിച്ചത്. 1990കളിൽ സോവിയറ്റ് സൈന്യത്തിെൻറ പിൻമാറ്റത്തോടെ അഫ്ഗാനിലെ പ്രാന്തപ്രദേശങ്ങളിൽ രൂപംകൊണ്ട സായുധ വിഭാഗമാണ് താലിബാൻ.
വിദ്യാർഥികൾ എന്നാണ് പഷ്തൂ ഭാഷയിൽ താലിബാൻ എന്ന വാക്കിെൻറ അർഥം. അഫ്ഗാെൻറയും പാകിസ്താെൻറയും ഇടയിലുള്ള പഷ്തൂൺ മേഖലയായിരുന്നു താലിബാെൻറ കേന്ദ്രം. അഫ്ഗാനിൽ അധികാരം പിടിച്ചെടുക്കുകയായിരുന്നു സംഘത്തിെൻറ പ്രധാന ലക്ഷ്യം. ആദ്യം അഫ്ഗാെൻറ തെക്കുപടിഞ്ഞാറൻ മേഖലയിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമം തുടങ്ങി.
1995 സെപ്റ്റംബറിൽ ഇറാനുമായി അതിർത്തി പങ്കിടുന്ന ഹെറാത് പ്രവിശ്യ പിടിച്ചെടുത്തു. അന്നത്തെ പ്രസിഡൻറായിരുന്ന ബുർഹാനുദ്ദീൻ റബ്ബാനിയെ പരാജയപ്പെടുത്തി ഒരുവർഷത്തിനകം കാബൂളും നിയന്ത്രണത്തിലാക്കി. സോവിയറ്റ് ഭരണത്തിനെതിരെ പൊരുതിയ നേതാക്കളിൽ പ്രമുഖനാണ് ബുർഹാനുദ്ദീൻ. 1998 ആയപ്പോഴേക്കും അഫ്ഗാെൻറ 90 ശതമാനവും താലിബാെൻറ നിയന്ത്രണത്തിലായി.
ആദ്യകാലത്ത് അഴമതിക്കെതിരെയും മറ്റും നടപടികൾ സ്വീകരിച്ച് ജനങ്ങളിൽ സ്വാധീനമുറപ്പിച്ച താലിബാൻ പിന്നീട് രാജ്യത്ത് കടുത്ത നിയമങ്ങൾ നടപ്പാക്കിത്തുടങ്ങി. ചെറിയ തെറ്റുകൾക്ക് ശിക്ഷിക്കപ്പെടുന്നവരെ പരസ്യമായി കഴുവേറ്റി. പുരുഷൻമാർ താടി വളർത്തണമെന്നും സ്ത്രീകൾ ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കണമെന്നും നിയമം കൊണ്ടുവന്നു. രാജ്യത്ത് ടെലിവിഷനും സിനിമയും സംഗീതവും നിരോധിച്ചു. 10 വയസിനു മുകളിലുള്ള പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് വിലക്കി. രാജ്യത്തെ സാംസ്കാരിക മുദ്രകൾ ഒന്നൊന്നായി നശിപ്പിച്ചു. മധ്യ അഫ്ഗാനിലെ ബാമിയാൻ ബുദ്ധ പ്രതിമ തകർത്തത് ഒരുദാഹരണം.
താലിബാെൻറ ശിൽപികൾ പാകിസ്താനാണെന്ന് വിദേശശക്തികൾ പലപ്പോഴും ആരോപിച്ചു. താലിബാനിൽ ചേർന്ന യുവാക്കൾക്ക് മതവിദ്യാസം ലഭിച്ചത് പാകിസ്താനിൽ നിന്നായിരുന്നു. ഇതാണ് താലിബാെൻറ വളർച്ചക്കു പിന്നിൽ പാകിസ്താൻ ആണെന്ന ആരോപണം ശക്തിപ്പെടാൻ ഇടയാക്കിയത്.
പാകിസ്താൻ, യു.എ.ഇ, സൗദി അറേബ്യ രാജ്യങ്ങളാണ് താലിബാൻ അധികാരത്തിലെത്തിയപ്പോൾ അംഗീകരിച്ചത്. പാകിസ്താനിലും താലിബാൻ ആക്രമണം നടത്തി. 2012ൽ വധശ്രമത്തിൽ നിന്ന് നൊബേൽ സമ്മാന ജേതാവ് മലാല യൂസുഫ്സായി തലനാരിഴക്കു രക്ഷപ്പെട്ടു. 2014ൽ പെഷാവറിലെ സൈനിക സ്കൂൾ ആക്രമിച്ചു. 2013ൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ താലിബാെൻറ മൂന്ന് പ്രധാധികൾ കൊല്ലപ്പെട്ടു.
2001ലെ വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തോടെയാണ് ലോകത്തിെൻറ ശ്രദ്ധ താലിബാനിലേക്ക് തിരിയുന്നത്. ആക്രമണത്തിെൻറ ആസൂത്രകർക്ക് അഭയം നൽകിയത് താലിബാനാണെന്ന് ആരോപണമുയർന്നു. തുടർന്ന് 2001 ഒക്ടോബർ ഏഴിന് യു.എസ് നേതൃത്വത്തിലുള്ള സൈനികസഖ്യം അഫ്ഗാനിലെത്തി താലിബാനെതിെര ആക്രമണം തുടങ്ങി.
ഡിസംബർ ആദ്യവാരത്തോടെ തന്നെ താലിബാനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സൈനിക സഖ്യത്തിന് കഴിഞ്ഞു. താലിബാെൻറ അന്നത്തെ നേതാവായിരുന്ന മുല്ല മുഹമ്മദ് ഉമറിനെ യു.എസ് സൈന്യം പിടികൂടി. താലിബാെൻറ ചില നേതാക്കൾ പാകിസ്താനിലെ ക്വറ്റയിൽ അഭയം തേടി. അവിടെ നിന്ന് ചെറുതും വലുതുമായ ആക്രമണങ്ങളിലൂടെ അഫ്ഗാനിൽ വീണ്ടും വേരുറപ്പിക്കാനുള്ള ശ്രമങ്ങൾ താലിബാൻ തുടങ്ങി. 2012ൽ കാബൂളിലെ നാറ്റോ സൈനിക ക്യാമ്പ് ആക്രമിച്ചു.
സൈനികർക്കു നേരെ ആക്രമണം വർധിച്ചേതാടെ യു.എസും അനുരഞ്ജനത്തിെൻറ പാതയിലെത്തി. എന്നാൽ ഒരു ചർച്ചയും എവിടെയുമെത്തിയില്ല. താലിബാൻ നേതാക്കളായ മുല്ല ഉമറും മുല്ല മൻസൂറും കൊല്ലപ്പെട്ടു. പിന്നീട് മൗലവി ഹിബത്തുല്ല അഖുന്ദസാദ താലിബാെൻറ നേതാവായി. അതിനിടക്ക് കുന്ദൂസ് പിടിച്ചെടുക്കാൻ താലിബാൻ ശ്രമം തുടങ്ങി. 2015ൽ അത് വിജയം കണ്ടു. 2016ൽ അഫ്ഗാൻ സൈന്യം കുന്ദൂസിൽ നിന്ന് താലിബാനെ തുരത്തി.
2017ൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ താലിബാൻ സ്വാധീനമുറപ്പിച്ചു. 2017ൽ അഫ്ഗാനിലെ പകുതിയോളം ജനസംഖ്യയും താലിബാൻ അധീനമേഖലകളിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. തുടരെത്തുടരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഖത്തറിൽ 2018 മുതൽ യു.എസിെൻറ മധ്യസ്ഥതയിൽ നിരവധി ചർച്ചകൾ നടന്നു. എന്നാൽ വിദേശശക്തികൾ രാജ്യത്തുനിന്ന് പുറത്തുപോകുന്നത് വരെ ആക്രമണം നിർത്തില്ലെന്ന് താലിബാൻ ഉറപ്പിച്ചു പറഞ്ഞു.
ഒടുവിൽ 2020 ഫെബ്രുവരിയിൽ ഖത്തറിൽ താലിബാനുമായി ഒപ്പുവെച്ച സമാധാന കരാറിനെ തുടർന്ന് അഫ്ഗാനിസ്താനിൽ നിന്ന് യു.എസ് സേനാപിൻമാറ്റത്തിൽ ധാരണയിലെത്തി. മേയ് ഒന്നിനുമുമ്പായി സൈനികരെ മുഴുവൻ പിൻവലിക്കുമെന്ന് അന്നത്തെ യു.എസ് പ്രസിഡൻറായിരുന്ന ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. ജോ ബൈഡൻ യു.എസ് പ്രസിഡൻറായി അധികാരത്തിലെത്തിയതോടെ സെപ്റ്റംബർ 11നുമുമ്പ് സൈനികരെ മുഴുവൻ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു. യു.എസ്-നാറ്റോ സൈനിക പിൻമാറ്റത്തോടെ അഫ്ഗാൻ പിടിച്ചെടുക്കാനുള്ള ആക്രമണങ്ങൾ താലിബാൻ ശക്തമാക്കി.
അഫ്ഗാെൻറ നിയന്ത്രണം ഒരിക്കൽ കൂടി താലിബാെൻറ കൈകളിലെത്തിയതോടെ ഭീതിയിലാണ് രാജ്യത്തെ സ്ത്രീകളും പെൺകുട്ടികളുമടങ്ങുന്ന വിഭാഗം. മാധ്യമപ്രവർത്തകരും ജഡ്ജിമാരും മനുഷ്യാവകാശപ്രവർത്തകരും അവരുടെ ലക്ഷ്യമാണ്. ഈ വിഭാഗത്തോടുള്ള താലിബാെൻറ കടുത്തനയം മാറാൻ പോകുന്നില്ലെന്നാണ് വിലയിരുത്തൽ.
•ഏപ്രിൽ 13: സെപ്റ്റംബർ 11നകം അഫ്ഗാനിൽനിന്ന് യു.എസ് സൈന്യത്തെ പൂർണമായി പിൻവലിക്കുമെന്ന് യു.എസ് പ്രസിഡൻറ് ജോ ൈബഡൻ പ്രഖ്യാപിക്കുന്നു.
•മേയ് നാല്: തെക്കൻ ഹെൽമന്ദ് അടക്കമുള്ള പ്രവിശ്യകളിൽ താലിബാൻ ആക്രമണം തുടങ്ങി.
•മേയ് 11: കാബൂളിന് കുറച്ചുദൂരെയുള്ള നെർഖ് ജില്ല താലിബാൻ നിയന്ത്രണത്തിൽ.
•ജൂൺ ഏഴ്: പോരാട്ടം കടുക്കുന്നു. 150 സൈനികർ കൊല്ലപ്പെട്ടു. 26 പ്രവിശ്യകളിലും മുന്നേറ്റം.
•ജൂൺ 22: താലിബാൻ 50ലധികം ജില്ലകൾ പിടിച്ചടക്കി.
•ജൂൈല രണ്ട്: അഫ്ഗാനിൽനിന്ന് യു.എസ് സൈനിക പിന്മാറ്റം തുടങ്ങി. അവസാന യു.എസ് സൈനികരും ബഗ്രാം വ്യോമതാവളം വിട്ടു.
•ജൂലൈ അഞ്ച്: ആഗസ്റ്റിൽ സമാധാനക്കരാറിന് തയാറെന്ന് താലിബാൻ സന്ദേശം.
•ജൂലൈ 21: അഫ്ഗാനിസ്താെൻറ പകുതി ജില്ലകളും താലിബാൻ പിടിച്ചടക്കിയതായി യു.എസ് പ്രഖ്യാപനം.
•ജൂലൈ 25: വ്യോമാക്രമണങ്ങളിലൂടെ അഫ്ഗാൻ സൈന്യത്തിന് പിന്തുണ തുടരുമെന്ന് യു.എസ്.
•ആഗസ്റ്റ് ആറ്: പ്രവിശ്യാതലസ്ഥാനമായ സരഞ്ജ് താലിബാൻ അധീനതയിൽ.
•ആഗസ്റ്റ് 13: രണ്ടാമത്തെ വലിയ നഗരമായ കന്തഹാർ അടക്കം നാലിലേറെ പ്രവിശ്യതലസ്ഥാനങ്ങൾ കൂടി നിയന്ത്രണത്തിലാക്കി.
•ആഗസ്റ്റ് 14. മസാരെ ശരീഫ് അടക്കം കീഴ്പ്പെടുത്തി രാജ്യതലസ്ഥാനമായ കാബൂൾ
വളയുന്നു.
•ആഗസ്റ്റ് 15- കാബൂൾ കീഴടക്കി അഫ്ഗാെൻറ സമ്പൂർണ നിയന്ത്രണത്തിലേക്ക്.
ഇസ്ലാമാബാദ്: അഫ്ഗാനിലെ അവസ്ഥയിൽ പാക് വിദേശകാര്യ മന്ത്രാലയ വക്താവ് ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ അഫ്ഗാനിലെ എംബസി പൂട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും പാകിസ്താൻ അറിയിച്ചു.
അഫ്ഗാൻ സൈന്യത്തിന് രാജ്യത്തെ സംരക്ഷിക്കാൻ ശക്തിയില്ലാത്തിടത്തോളം ഒരു വർഷത്തേക്കോ അഞ്ചുവർഷത്തേക്കോ യു.എസ് സൈന്യത്തെ നിലനിർത്തിയിട്ട് യാതൊരു പ്രയോജനമില്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ പ്രതികരിച്ചു. താലിബാൻ ഭരണം പിടിച്ചതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് അഭയാർഥികളുടെ എണ്ണത്തിൽ കുത്തൊഴുക്കുണ്ടാകുമെന്ന ആശങ്കയിലാണ് യൂറോപ്യൻ യൂനിയൻ. സ്ഥിതിഗതികൾ ചർച്ചചെയ്യാൻ മറ്റു രാജ്യങ്ങളുമായി ചേർന്ന് യു.എൻ യോഗം വിളിക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.