അറ്റ്ലാന്റ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രണ്ടാമതും ജനവിധി തേടുന്ന ജോ ബൈഡന്റെ പ്രചാരണ കാമ്പയിനിനിടെ ഫലസ്തീൻ അനുകൂലിയുടെ പ്രതിഷേധം. ശനിയാഴ്ച അറ്റ് ലാന്റയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ബൈഡൻ സംസാരിക്കുന്നതിനിടെയാണ് യുവാവ് ‘നിങ്ങളൊരു ഏകാധിപതിയാണ്, വംശഹത്യക്കാരനായ ജോ. പതിനായിരക്കണക്കിന് ഫലസ്തീനികൾ മരിച്ചു, കുട്ടികൾ മരിച്ചുവീഴുന്നു’ എന്നിങ്ങനെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്.
ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ വേണമെന്നും ഫലസ്തീനെ സ്വതന്ത്രമാക്കണമെന്നും പ്രതിഷേധക്കാരൻ ആവശ്യപ്പെട്ടു. ഇയാളെ സുരക്ഷ സേനാംഗങ്ങൾ പിടിച്ചുകൊണ്ടുപോയി. സംഭവത്തിന്റെ വിഡിയോ എക്സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘അയാളുടെ പ്രതിഷേധത്തിൽ ഞാൻ നീരസപ്പെടുന്നില്ല. അന്യായമായി ഇരകളാക്കപ്പെടുന്ന ധാരാളം ഫലസ്തീനികൾ ഉണ്ട്’ -എന്നായിരുന്നു ബൈഡന്റെ പ്രതികരണം.
ഇസ്രായേൽ ആക്രമണത്തിൽ ഇതിനകം 30,000ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. പോഷകാഹാരക്കുറവും നിർജലീകരണവും കാരണം നിരവധി കുട്ടികൾ മരിച്ചു. മുതിർന്നവർ പച്ചപ്പുല്ലും കാലിത്തീറ്റയും തിന്ന് ജീവൻ നിലനിർത്തുകയാണ്. സഹായവസ്തുക്കളുമായി വരുന്ന ട്രക്കുകൾക്കുനേരെയും ഇസ്രായേൽ സൈന്യം ആക്രമണം നടത്തുന്നത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.