ഇസ്‍ലാമാബാദ്: പാകിസ്താനിൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചെക്ക്പോസ്റ്റിൽ വെള്ളിയാഴ്ച തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 10 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീകെ താലിബാൻ പാകിസ്താൻ ഏറ്റെടുത്തു. കനത്ത ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നീണ്ടുനിന്നതായി മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ ദരാബൻ മേഖലയിലെ ചെക്‌പോസ്റ്റിൽ ആക്രമണത്തെ തുടർന്നുണ്ടായ വെടിവെപ്പിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ആക്രമണം നടന്നയുടനെ സൈനിക സംഘം സ്ഥലത്തെത്തി. അക്രമികളെ പിടികൂടാൻ സൈന്യം വൻ തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷാ സേനയെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ നടത്തിയ തെഹ്‌രീകെ താലിബാൻ പാകിസ്താൻ പ്രദേശത്ത് സജീവമാണ്.
അഫ്ഗാനിസ്താനിലെ സങ്കേതങ്ങളിൽ നിന്നാണ് ഈ സംഘം പ്രവർത്തിക്കുന്നതെന്ന് പാകിസ്താൻ ആരോപിച്ചിരുന്നു. 2021ൽ അഫ്ഗാനിൽ താലിബാൻ സർക്കാർ അധികാരമേറ്റെടുത്തതു മുതൽ പാകിസ്താനിലെ തീവ്രവാദ സംഭവങ്ങളിൽ വർധനവുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.