മ്യാന്മർ സൈനിക മേധാവി മിൻ ഓങ് ലെയിങ്, അദാനി പോർട്സ് ചീഫ് എക്സിക്യൂട്ടീവ് കരൺ അദാനി എന്നിവർ 2019ൽ ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ കണ്ടപ്പോൾ (Image courtesy: ABC news, Supplied by: Myanmar’s Office Of The Commander-In-Chief Of Defence Services)

മ്യാന്മർ സൈന്യവുമായി ബന്ധമില്ലെന്ന അദാനി ഗ്രൂപ്പിന്‍റെ വാദം പൊളിയുന്നു; തെളിവുകൾ പുറത്ത്

നുഷ്യാവകാശ ലംഘനങ്ങളുടേയും വംശഹത്യയുടേയും പേരില്‍ കുപ്രസിദ്ധമായ മ്യാന്മർ സൈന്യത്തിന്‍റെ നിയന്ത്രണത്തിലുള്ള കമ്പനിയുടെ തുറമുഖ പദ്ധതിയുമായി അദാനി ഗ്രൂപ്പ് സഹകരിക്കുന്നതിന്‍റെ തെളിവുകൾ പുറത്ത്. മനുഷ്യാവകാശ ലംഘനത്തെ തുടർന്ന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ മ്യാന്മർ സൈന്യത്തിന് കീഴിലെ കമ്പനിക്ക് അദാനി ഗ്രൂപ്പ് 52 മില്യൺ യു.എസ് ഡോളർ (ഏകദേശം 380.60 കോടി രൂപ) നൽകുന്നതായി എ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മനുഷ്യാവകാശ പ്രവർത്തകരും ആക്ടിവിസ്റ്റുകളും തയാറാക്കിയ രഹസ്യ റിപ്പോർട്ടിലെ വിവരങ്ങൾ യങ്കൂണിലെ കണ്ടെയിനർ തുറമുഖത്തിനായി അദാനി ഗ്രൂപ്പും മ്യാന്മർ സൈന്യവും സഹകരിക്കുന്നതായി വെളിപ്പെടുത്തുന്നതാണ്.

അദാനി പോർട്ട്സ് ഉന്നത ഉദ്യോഗസ്ഥരും മ്യാന്മർ സൈന്യത്തിന്‍റെ ഉന്നത പ്രതിനിധികളും 2019ൽ കണ്ടുമുട്ടിയതിന്‍റെ വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും എ.ബി.സി ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. മ്യാന്മർ സൈന്യവുമായി ഒരു തരത്തിലുള്ള ഇടപാടുകളുമില്ലെന്ന അദാനി ഗ്രൂപ്പിന്‍റെ അവകാശവാദത്തെ പൊളിക്കുന്ന തെളിവുകളാണിവ. മ്യാന്‍മര്‍ തലസ്ഥാന നഗരമായ യങ്കൂണില്‍ കണ്ടെയ്‌നര്‍ പോര്‍ട്ട് നിർമിക്കാനുള്ള 290 ദശലക്ഷം യു.എസ് ഡോളറിന്‍റെ (ഏതാണ്ട് 20,45,08,00,000 ഇന്ത്യന്‍ രൂപ) കരാറിലാണ് അദാനി ഗ്രൂപ്പ് ഒപ്പ് വച്ചിരിക്കുന്നത്.

സൈന്യത്തിന്‍റെ നിയന്ത്രണത്തിലുള്ള മ്യാന്‍മര്‍ എക്കണോമിക് കോര്‍പ്പറേഷന് (എം.ഇ.സി) അമേരിക്ക ഉപരോധമേർപ്പെടുത്തിയിരുന്നു. പട്ടാള അട്ടിമറിക്ക് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ മ്യാന്‍മര്‍ സൈന്യത്തിന് ഉപരോധം ഏർപ്പെടുത്തിയത്. അമേരിക്ക മ്യാന്‍മറിന് സഹായമായി നല്‍കിയ ഒരു ബില്ല്യണ്‍ യു.എസ് ഡോളര്‍ സൈന്യം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുളള നടപടികളും ബൈഡന്‍ സ്വീകരിച്ചിരുന്നു.

അദാനിയുടെ അനുബന്ധ സ്ഥാപനം 30 ദശലക്ഷം യു.എസ് ഡോളർ മ്യാന്‍മര്‍ എക്കണോമിക് കോര്‍പ്പറേഷന് (എം.ഇ.സി) ഭൂമിയുടെ ലീസ് ഫീസായി നൽകുന്നുവെന്ന് യങ്കൂൺ റീജിയൺ ഇൻവെസ്റ്റ്മെന്‍റ് കമീഷന്‍റെ ചോർന്നുലഭിച്ച രേഖകൾ കാണിക്കുന്നു. മറ്റൊരു 22 ദശലക്ഷം യു.എസ് ഡോളർ ലാൻഡ് ക്ലിയറൻസ് ഫീസ് എന്ന നിലയിലും എം.ഇ.സിക്ക് ലഭിക്കുന്നതായി ആസ്ട്രേലിയൻ സെന്‍റർ ഫോർ ഇന്‍റർനാഷണൽ ജസ്റ്റിസ്, ആക്ടിവിസ്റ്റ് ഗ്രൂപ്പായ ജസ്റ്റിസ് ഫോർ മ്യാന്മർ എന്നിവ ചേർന്ന് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.




ഫെബ്രുവരി ഒന്നിലെ സൈനിക അട്ടിമറിക്ക് ശേഷമാണ് യങ്കൂൺ റീജിയൺ ഇൻവെസ്റ്റ്മെന്‍റ് കമീഷന്‍റെ രേഖകൾ ചോർന്നതെന്ന് റിപ്പോർട്ടിന് പിന്നിൽ പ്രവർത്തിച്ചയാളും മനുഷ്യാവകാശ അഭിഭാഷകനുമായ റവാൻ അറഫ് പറയുന്നു. മ്യാന്മർ സൈന്യത്തിന് സാമ്പത്തിക സഹായം നൽകുന്ന കമ്പനിയുമായാണ് ഇടപാട്. എം.ഇ.സിയുമായുള്ള ഇടപാട് മുമ്പ് നിരവധി തവണ ചർച്ചയായപ്പോഴൊക്കെയും അദാനി ഗ്രൂപ്പ് നിഷേധിക്കുകയായിരുന്നു. എന്നാൽ, എം.ഇ.സിയുമായുള്ള ഉടമ്പടിയിൽ നിന്ന് പിന്മാറാൻ അവർ തയാറാകുന്നുമില്ല. എം.ഇ.സിക്ക് ലഭിക്കുന്ന പണമാണ് ക്രൂരകൃത്യങ്ങൾക്ക് നേതൃത്വം നൽകാൻ മ്യാന്മർ സൈന്യം ഉപയോഗിക്കുന്നത് -അവർ പറഞ്ഞു.

എം.ഇ.സിയുമായി ഇടപാടുകൾ നടത്തരുതെന്ന് വിദേശ കമ്പനികൾക്ക് 2019ൽ ഐക്യരാഷ്ട്രസഭയുടെ വസ്തുതാന്വേഷണ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു. എം.ഇ.സിയുമായി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് അദാനി പോർട്ട് എന്ന് ഇവർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

വസ്തുതാന്വേഷണ സംഘത്തിലെ അംഗമായിരുന്നു ആസ്ട്രേലിയൻ അഭിഭാഷകയായ ക്രിസ് സിഡോട്ടി. മ്യാന്മർ സൈന്യവും ക്വീൻസ്ലാൻഡിലെ കാർമൈക്കൽ കൽക്കരി പദ്ധതി നടത്തുന്ന കമ്പനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. മ്യാന്മർ സൈന്യത്തിന് സഹായം നൽകുന്ന ഒരു കമ്പനിയെ സ്വന്തം നാട്ടിൽ നിർത്തണോ എന്ന ചോദ്യമാണ് ആസ്ട്രേലിയക്കാരോട് ചോദിക്കാനുള്ളതെന്നും ഇവർ പറയുന്നു. അദാനിയിൽ നിക്ഷേപിക്കാനുള്ളവരോടും ഇതാണ് ചോദിക്കാനുള്ളത്. മ്യാന്മർ സൈന്യത്തിന് ഫണ്ടിങ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോയെന്ന്. നിക്ഷേപങ്ങളിൽ ധാർമികത പുലർത്തുന്നവരോടുള്ള ചോദ്യമാണിത്.

മ്യാന്മറിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് അദാനി പോർട്സ് വക്താവ് എ.ബി.സി ന്യൂസിനോട് പറഞ്ഞു. ബന്ധപ്പെട്ട അധികൃതരുടെയും മറ്റും ഉപദേശങ്ങൾ തേടിയ ശേഷമാണ് മുന്നോട്ടുപോവുക. യങ്കൂൺ ഇന്‍റർനാഷണൽ ടെർമിനൽ പ്രൊജക്ടിന്‍റെ മുഴുവൻ ഉടമസ്ഥാവകാശവും കമ്പനിക്കാണെന്ന് ഇവർ പറയുന്നു. മറ്റ് പങ്കാളികളൊന്നുമില്ലാത്ത പദ്ധതിയാണെന്നും അദാനി പോർട്സ് വക്താവ് പറയുന്നു.



(മ്യാന്മറിലെ പട്ടാള അതിക്രമത്തിൽ പരിക്കേറ്റവർ. ഫോട്ടോ-എ.പി)

 

290 മില്യൺ യു.എസ് ഡോളറിന്‍റെ പോർട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് മ്യാന്മർ സൈന്യവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞ മാസം വിശദീകരണം നൽകിയിരുന്നു. എന്നാൽ, അദാനി പോർട്ട്സ് ചീഫ് എക്സിക്യൂട്ടിവ് കരൺ അദാനിയും പട്ടാളഭരണത്തലവനും യുദ്ധക്കുറ്റം ആരോപിക്കപ്പെടുന്നയാളുമായ ജനറൽ മിൻ ഓങ് ലെയിങ്ങും 2019 ജൂലൈയിൽ കണ്ടുമുട്ടിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ കണ്ടത്. ഈ ദൃശ്യങ്ങൾ മ്യാന്മർ സൈന്യത്തിന്‍റെ യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിരുന്നു.

മിൻ ഓങ് ലെയിങ്ങിന് എതിരെയുള്ള കുറ്റാരോപണങ്ങൾ പൊതുസമക്ഷം ലഭ്യമാകുന്ന ഒന്നാണെന്നും അദാനി ഗ്രൂപ്പിനെ പോലെ ഒരു സ്ഥാപനത്തിന് ഇത് അറിയാത്തതാവില്ലെന്നും ക്രിസ് സിഡോട്ടി പറയുന്നു. എന്നാൽ, ജനറൽ മിൻ ഓങ്ങിന്‍റെ സന്ദർശനം ഇന്ത്യൻ സർക്കാറിന്‍റെ അതിഥേയ പ്രകാരമുള്ളതായിരുന്നെന്നും ഒൗദ്യോഗിക വൃത്തങ്ങളാണ് അദ്ദേഹത്തെ മുന്ദ്രയിലേക്ക് കൊണ്ടുവന്നതെന്നുമാണ് അദാനി പോർട് വക്താവ് പറയുന്നത്.



(ക്യൂൻസ്ലൻഡിൽ അദാനി ഗ്രൂപ്പിന്‍റെ ഖനന പദ്ധതിക്കെതിരായ പ്രതിഷേധം)

 1997ല്‍ നിലവില്‍ വന്ന എം.ഇ.സി മ്യാന്മറിലെ ഏറ്റവും വലിയ ബിസിനസ് കോര്‍പ്പറേഷനുകളില്‍ ഒന്നാണ്. അദാനിക്ക് 50 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ് തുറമുഖം. മ്യാന്മർ സൈന്യത്തിന്‍റെ ഏറ്റവും വലിയ വരുമാന സ്രോതസ്സായാണ് എം.ഇ.സി പ്രവർത്തിക്കുന്നത്. 

Tags:    
News Summary - The Adani Group denies engaging with Myanmar’s military leadership over port deal but video suggests otherwise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.