മിൻസ്ക്: െബലറൂസ് അതിർത്തിയിലെ കുടിയേറ്റപ്രശ്നം അടുത്തൊന്നും അവസാനിക്കാൻ പോകുന്നില്ലെന്ന മുന്നറിയിപ്പുമായി പോളണ്ട്. നിലവിലെ സാഹചര്യം പരിഗണിക്കുേമ്പാൾ പ്രശ്നം ഉടനൊന്നും പരിഹരിക്കാൻ സാധ്യമല്ലെന്നാണ് വിലയിരുത്തലെന്ന് പോളിഷ് പ്രതിരോധമന്ത്രി മരിയൂസ് ബ്ലാഷ്ഴാക് പറഞ്ഞു.
ആയിരക്കണക്കിന് അഭയാർഥികളാണ് ഇരുരാജ്യങ്ങളുടെയും അതിർത്തിയിൽ നിസ്സഹായരായി കഴിയുന്നത്. അതിർത്തിവേലി തകർത്ത് പോളണ്ടിലേക്ക് കടക്കുന്നവരെ തടയാൻ നൂറുകണക്കിന് പോളിഷ് സൈനികരാണുള്ളത്. ചൊവ്വാഴ്ച മാത്രം 161 തവണ വേലിചാടിക്കടക്കാൻ ശ്രമംനടന്നതായി സൈനികർ പറയുന്നു. അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ഒമ്പത് പോളിഷ് സൈനികർക്ക് പരിക്കേറ്റു.
ചെറുസംഘങ്ങളായി അതിർത്തിയിൽ തമ്പടിച്ച കുടിയേറ്റക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന കണ്ണീർവാതകവും ജലപീരങ്കിയുംപ്രയോഗിച്ചു. പ്രതിരോധിക്കാൻ ആൾക്കൂട്ടം സൈനികർക്കു നേരെ കല്ലേറും നടത്തി. അതിനിടെ ബെലറൂസിനെതിരായ ഉപരോധം യൂറോപ്യൻ യൂനിയൻ കൂടുതൽ കടുപ്പിച്ചു. അതിർത്തിയിലെ അഭയാർഥി പ്രതിസന്ധി ബെലറൂസ് സർക്കാർ മനപ്പൂർവം സൃഷ്ടിച്ചതാണെന്നാണ് യൂറോപ്യൻ യൂനിയെൻറ ആരോപണം. ബെലറൂസ് പ്രസിഡൻറ് അലക്സാണ്ടർ ലുകാഷെങ്കോയുടെ മുഖ്യ അണിയായ റഷ്യ ഇടപെട്ട് പ്രതിസന്ധി അവസാനിപ്പിക്കണമെന്നാണ് ഇ.യു ആവശ്യം. എന്നാൽ, പ്രശ്നത്തിൽ നേരിട്ട് ഇടപെടില്ലെന്നും വേണമെങ്കിൽ മാധ്യസ്ഥം വഹിക്കാമെന്നുമാണ് റഷ്യയുടെ മറുപടി. െബലറൂസ് അതിർത്തിയിൽ റഷ്യ സ്ഥിരമായി സൈനികപരിശീലനം നടത്താറുണ്ട്.
ബെലറൂസ് വിസ നിയമം ഇളവു ചെയ്തതോടെ പോളണ്ട് അതിർത്തി വഴി യൂറോപ്പിലേക്ക് കടക്കാൻ ലക്ഷ്യമിട്ട് ആയിരക്കണക്കിന് അഭയാർഥികളാണ് കഴിഞ്ഞമാസം മുതൽ എത്തിയത്. ഈ ആളുകളെ അതിർത്തിയിലെത്തിച്ച് അനധികൃതമായി പോളണ്ടിലേക്ക് കടക്കാൻ സഹായിക്കുകയായിരുന്നു ബെലറൂസ് അതിർത്തി സേന. അഭയാർഥികളുടെ എണ്ണം ക്രമാതീതമായതോടെ പോളണ്ട് അവരെ തിരിച്ചയക്കാൻ തുടങ്ങി. കുടിയേറ്റക്കാരെ തിരിച്ചു സ്വീകരിക്കാൻ ബെലറൂസും തയാറാകാത്തതോടെ അതിർത്തിയിൽ ഭക്ഷണവും വെള്ളവുമില്ലാതെ കഠിന തണുപ്പിൽ നരകിക്കുകയാണ് ഈ ജനക്കൂട്ടം.
അതിർത്തിയിൽ മകളെ തിരഞ്ഞ് പിതാവ്
മിൻസ്ക്: 25 ദിവസമായി പോളിഷ്-ബെലറൂസ് അതിർത്തിയിൽ വേർപെട്ടുപോയ മകളെ തിരയുകയാണ് സ്വീഡനിൽ കഴിയുന്ന സിറിയൻ പൗരൻ. സിറിയയിൽനിന്ന് യൂറോപ്പിലേക്കുള്ള യാത്രയിലായിരുന്നു ഡോ. ഹിൽദ നഈമാൻ എന്ന 25കാരി. വിശപ്പും ദാഹവും സഹിച്ച് അതിർത്തിയിൽ 25 ദിവസമായി മകളെന്ന് അബൂ ഇല്യാസ് പറയുന്നു. അതിനൊപ്പം ബെലറൂസ് അതിർത്തിസേനയുടെ വക പീഡനവും. പോളണ്ടിലേക്കു പോകൂ എന്നാക്രോശിച്ച് സൈന്യം ഇലക്ട്രിക് സ്റ്റിക്കുകൊണ്ടാണ് മർദിച്ചത്.
2014ലാണ് അബൂ ഇല്യാസ് യൂറോപ്പിലെത്തിയത്. അതിനിടയിൽ മനുഷ്യക്കടത്തുകാരുടെ പിടിയിലും പെട്ടു. അത്തരത്തിൽ മകളും ഇരയാക്കപ്പെടുമെന്നാണ് ഭയം. ഫോൺ നഷ്ടമായതിനാൽ മകൾക്ക് കുടുംബത്തെ വിളിക്കാൻ പറ്റിയിരുന്നില്ല. ഒടുക്കം മറ്റൊരാളുടെ ഫോൺ വാങ്ങി മകൾ സങ്കടം അവതരിപ്പിച്ചപ്പോഴാണ് ഇല്യാസ് കാര്യങ്ങൾ അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.