റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരുടെ മോചനത്തിനായി കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: അനധികൃതമായി റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരുടെ മോചനത്തിനായി കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ലോക്‌സഭയിൽ ചോദ്യോത്തര വേളയിൽ പറഞ്ഞു. ഇന്ത്യൻ യുവാക്കളെ റഷ്യയിലേക്ക് അയച്ച മനുഷ്യക്കടത്തുകാരെക്കുറിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) മതിയായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും 69 ഇന്ത്യൻ പൗരന്മാർ ഇപ്പോഴും റഷ്യൻ സൈന്യത്തിൽ നിന്ന് മോചനത്തിനായി കാത്തിരിക്കുകയാണെന്നും അ​ദ്ദേഹം ലോക്‌സഭയിൽ ചോദ്യോത്തര വേളയിൽ പറഞ്ഞു.

കേരളത്തിൽ നിന്നുള്ള അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. റഷ്യൻ ആർമിയിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്ത 91 ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ട്. എട്ട് പേർ മരിക്കുകയും 14 പേർ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. 69 പേർ മോചനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഇക്കാ​ര്യം സംസാരിക്കുകയും റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കുമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തു.

അനധികൃതമായി റഷ്യൻ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്ത 19 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് പ്രതികൾ ഏപ്രിലിലും രണ്ട് പേർ മേയിലും അറസ്റ്റിലായതായും മന്ത്രി പറഞ്ഞു.

Tags:    
News Summary - The Foreign Minister said that he was waiting for the release of Indians in the Russian army

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.