അൽഖോബാർ: യു.എൻ ഗ്ലോബൽ ജിയോസ്പേഷ്യൽ ഇക്കോസിസ്റ്റം സെൻറർ ഓഫ് എക്സലൻസിന്റെ ആസ്ഥാനം റിയാദിൽ സ്ഥാപിക്കും. ഇതു സംബന്ധിച്ചുള്ള യു.എൻ വിദഗ്ധ സമിതിയുടെ തീരുമാനം കഴിഞ്ഞ ദിവസം പുറത്തിറക്കി. ജിയോസ്പേഷ്യൽ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആഗോള പങ്കാളിത്തം ഭാവിയിൽ മെച്ചപ്പെടുത്തുന്നതിനുമാണ് ആസ്ഥാനം പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
വളർച്ച, നവീകരണം, സുസ്ഥിര വികസനം എന്നിവ കൈവരിക്കുന്നതിന് ഗുണപരവും നൂതനവുമായ രീതികൾ ഉപയോഗിച്ച് പദ്ധതികൾ നടപ്പാക്കുന്നതിനുള്ള വേദിയായി ഈ കേന്ദ്രം മാറും.
ജിയോസ്പേഷ്യൽ ഡാറ്റ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻറർനെറ്റ് ഓഫ് എന്നിവ സംയോജിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും കേന്ദ്രം നേതൃത്വം നൽകും. സുസ്ഥിരമായ ഭാവി ജിയോസ്പേഷ്യൽ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനായി ജിയോസ്പേഷ്യൽ ഡേറ്റ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇൻറർനെറ്റ് ഓഫ് തിങ്സ് എന്നിവയുമായി സംയോജിപ്പിക്കുന്നതിൽ ഗവേഷണത്തിനും വികസനത്തിനും നേതൃത്വം നൽകുന്നത് കേന്ദ്രത്തിന്റെ ചുമതലകളിൽ ഉൾപ്പെടുന്നു.
പ്രാദേശികമായും ആഗോളതലത്തിലും ഈ മേഖല വികസിപ്പിക്കുന്നതിന് യു.എൻ വിദഗ്ധരുമായി ബന്ധപ്പെടുകയും ആശയങ്ങളും അനുഭവങ്ങളും ഏകോപിപ്പിച്ച് കൊണ്ട് അന്താരാഷ്ട്ര ഫോറങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും.പരിശീലനത്തിനും കഴിവുകൾക്കും വിജ്ഞാന വൈദഗ്ധ്യത്തിനും വേണ്ടിയുള്ള പ്രവർത്തന പദ്ധതി വികസിപ്പിച്ചെടുക്കും.
ആഗോള ഭൂമിശാസ്ത്രപരമായ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഈ കേന്ദ്രം ഒരു കുതിച്ചുചാട്ടം സൃഷ്ടിക്കും എന്നാണ് കരുതുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, മറ്റ് സർക്കാർ സേവനങ്ങൾ എന്നിവയെ പിന്തുണക്കുന്നതിനും ഭൂമിശാസ്ത്രപരമായ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനും ഈ സേവനങ്ങളുടെ വ്യാപ്തി വിപുലീകരിക്കാൻ ലക്ഷ്യമിടുന്ന ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ആവും പ്രവർത്തന പദ്ധതികൾ ഒരുക്കുക.
2015 ഫെബ്രുവരിയിൽ റിയാദിൽ നടന്ന ജിയോസ്പേഷ്യൽ ഇൻഫർമേഷൻ മാനേജ്മെൻറിനായുള്ള യുനൈറ്റഡ് നേഷൻസ് വിദഗ്ധരുടെ അറബ് കമ്മിറ്റിയുടെ ചെയർമാനായി സൗദി അറേബ്യയെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019 ഫെബ്രുവരിയിൽ ജിദ്ദയിൽ ചേർന്ന അറബ് കമ്മിറ്റിയുടെ ആറാമത്തെ യോഗത്തിലാണ് രാജ്യം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.