ന്യൂയോർക്: പശ്ചിമേഷ്യയിൽ ശാശ്വതമായ മാനുഷിക വെടിനിർത്തലിന് ആഹ്വാനംചെയ്ത് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ ജോർഡൻ അവതരിപ്പിച്ച പ്രമേയത്തിെന്റ വിജയം അന്താരാഷ്ട്ര വേദിയിലെ അമേരിക്കയുടെ ഒറ്റപ്പെടലിെന്റ പ്രതിഫലനമായി. 120 വോട്ടിന് പാസായ പ്രമേയത്തെ അമേരിക്കക്കും ഇസ്രായേലിനും പുറമേ, 12 രാജ്യങ്ങൾ മാത്രമാണ് എതിർത്തത്. ഇന്ത്യ ഉൾപ്പെടെ 45 രാജ്യങ്ങൾ വിട്ടുനിന്നതും ശ്രദ്ധേയമായി.
ലോകത്തെ ഏറ്റവും വലിയ സൂപ്പർ പവറിന് നേരിട്ട് പിന്തുണ നൽകാൻ വൻ രാജ്യങ്ങൾ ഉൾപ്പെടെ മടിച്ചുനിന്ന കാഴ്ചയാണ് പൊതുസഭയിൽ കണ്ടത്. അമേരിക്കക്കൊപ്പം ചേർന്ന് പ്രമേയത്തെ എതിർക്കാൻ ഫ്രാൻസും ജർമനിയും യു.കെയും തയാറായില്ല. ഫ്രാൻസിെന്റ നേതൃത്വത്തിൽ എട്ട് ഇ.യു രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. വിട്ടുനിന്ന വലിയ രാജ്യങ്ങളിൽ ആസ്ട്രേലിയ, ഇന്ത്യ, യു.കെ എന്നിവ ഉൾപ്പെടുന്നു.
യു.എസിനൊപ്പം പ്രമേയത്തെ എതിർത്തവരിൽ ആറ് രാജ്യങ്ങൾ ഫിജി, ടോംഗ, മാർഷൽ ഐലൻഡ്സ്, മൈക്രോനേഷ്യ, നൗറു, പാപ്വ ന്യൂഗിനിയ എന്നീ പസഫിക് ദ്വീപ് രാജ്യങ്ങളാണ്.
വോട്ടെടുപ്പിനു മുമ്പ് പ്രമേയത്തിനനുകൂലമായി പരമാവധി പിന്തുണ ഉറപ്പിക്കാൻ ജോർഡൻ തീവ്രശ്രമം നടത്തിയിരുന്നു. തടവിലാക്കപ്പെട്ടവരുടെ മോചനം നിരുപാധികമായിരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, പ്രമേയത്തിൽ ഹമാസിനെ പേരെടുത്ത് പറയുന്നില്ലെന്ന വാദവുമായി അമേരിക്കക്കൊപ്പം ചേർന്ന കാനഡ രംഗത്തെത്തി. പകരം ഫലസ്തീനിയൻ, ഇസ്രായേൽ പൗരന്മാർക്കെതിരെയുള്ള എല്ലാ ആക്രമണങ്ങളെയും അപലപിക്കുന്നു എന്നു മാത്രമാണ് പ്രമേയം പറയുന്നത്. തുടർന്ന്, ഹമാസിനെ പേരെടുത്ത് പറഞ്ഞും തടവുകാരെ ബന്ദികളെന്ന് വിശേഷിപ്പിച്ചും കാനഡ അവതരിപ്പിച്ച ഭേദഗതി 55നെതിരെ 88 വോട്ടുകൾക്ക് പാസായി. 23 രാജ്യങ്ങൾ വിട്ടുനിന്നു. 27 യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും യു.കെയും ഭേദഗതിയെ അനുകൂലിച്ചു. എന്നാൽ, യു.എൻ പൊതുസഭയിലെ വോട്ടെടുപ്പിൽ വിജയിക്കുന്നതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്ന നിബന്ധനയുള്ളതിനാൽ ഫലത്തിൽ ഭേദഗതി പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.