സ്‌റ്റോക്ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഇത്തവണയും പങ്കിട്ടത് മൂന്ന് പേർ. ബെൻ എസ്. ബെർണാൻകെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ് എച്ച്. ഡിബ് വിഗ് എന്നിവർ ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധിയെയും കുറിച്ചുള്ള ഗവേഷണത്തിനാണ് പുരസ്കാരം നേടിയത്.
2022 ലെ നൊബേൽ സമ്മാന പ്രഖ്യാപനങ്ങളിൽ അവസാനത്തേതാണിത്. മറ്റ് ശാസ്ത്രശാഖകളില്‍നിന്ന് വ്യത്യസ്തമായി സാമ്പത്തിക ശാസ്ത്ര പുരസ്‌കാരം ആല്‍ഫ്രെഡ് നൊബേലിന്റെ സ്മരണക്കായി സ്വീഡിഷ് സെൻട്രൽ ബാങ്കാണ് നല്‍കിവരുന്നത്. സമ്മാനത്തുക ഡിസംബര്‍ 10ന് കൈമാറും.
നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുമ്പോള്‍ ബാങ്കുകള്‍ തകര്‍ച്ച നേരിടുന്നതെങ്ങനെയെന്ന് ബെർണാൻകെ വിശദീകരിക്കുന്നു. നിക്ഷേപങ്ങൾക്ക് സർക്കാർ നൽകുന്ന ഗാരന്റികൾ സാമ്പത്തിക പ്രതിസന്ധികളെ തടയുന്നതെങ്ങനെയെന്ന് കാട്ടിത്തരുകയായിരുന്നു ഡയമണ്ടും ഡിബ്‍വിഗും.
ബാങ്ക് തകർച്ച ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇവരുടെ ഗവേഷണം തെളിയിക്കുന്നത്. 1980കളുടെ തുടക്കത്തിൽ നടത്തിയ ഗവേഷണത്തിലൂടെ സാമ്പത്തിക വിപണികളെ നിയന്ത്രിക്കാനും പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിനുമുള്ള അടിത്തറ പാകുകയായിരുന്നു.
2008ലെ ആഗോള സാമ്പത്തികമാന്ദ്യത്തിൽ ഇവരുടെ ഗവേഷണം ബാങ്കുകൾക്ക് തുണയായി. അന്നത്തെ ഫെഡറൽ റിസർവ് മേധാവിയായ ബെർനാങ്കെ, പ്രധാന ബാങ്കുകളെ പ്രോത്സാഹിപ്പിക്കാനും സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ വായ്പാ ക്ഷാമം കുറക്കാനും ട്രഷറി വകുപ്പുമായി ചേർന്നുപ്രവർത്തിച്ചു.
അദ്ദേഹം ഹ്രസ്വകാല പലിശനിരക്കുകൾ പൂജ്യമായി കുറച്ചു. ട്രഷറി, മോർട്ട്ഗേജ് നിക്ഷേപങ്ങൾ എന്നിവയുടെ വാങ്ങലുകൾക്ക് നിർദേശം നൽകി. വായ്പാ പരിപാടികൾ സ്ഥാപിച്ചു. ഈ നടപടികൾ നിക്ഷേപകരെ ശാന്തരാക്കുകയും വൻകിട ബാങ്കുകൾക്ക് ജീവനേകുകയും ചെയ്തു.
എന്നാൽ, ദീർഘകാല പലിശനിരക്കുകൾ കുറച്ചതോടെ ഫെഡറൽ ഡോളറിന്റെ മൂല്യമിടിക്കുകയും പണപ്പെരുപ്പ സാധ്യത സൃഷ്ടിക്കുകയും ചെയ്തുവെന്ന കടുത്ത വിമർശനവും ഇവർ നേരിട്ടു. എന്നാൽ, 1930കൾക്ക് ശേഷമുള്ള കടുത്ത മാന്ദ്യം തടയാൻ അവർക്ക് കഴിഞ്ഞില്ല.
കഴിഞ്ഞ വർഷവും മൂന്നു പേരാണ് സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്‌കാരം പങ്കിട്ടത്. കാലിഫോർണിയ സർവകലാശാലയിലെ ഡേവിഡ് കാർഡ്, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നുള്ള ജോഷ്വ ആംഗ്രിസ്റ്റ്, സ്റ്റാൻഫോർഡ് സർവകലാശാലയിൽനിന്നുള്ള ഗൈഡോ ഇംബെൻസ് എന്നിവർക്കായിരുന്നു പുരസ്‌കാരം.
1953ൽ യു.എസിലെ ജോർജിയയിൽ ജനിച്ച 68കാരനായ ബെർണാൻകെ കേംബ്രിജിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് 1979ൽ പിഎച്ച്.ഡി നേടി. നിലവിൽ വാഷിങ്ടൺ ഡി.സിയിലെ ദി ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ ഇക്കണോമിക് സ്റ്റഡീസ് വിഭാഗത്തിലെ സീനിയർ ഫെലോ ആണ്.
1953ൽ ജനിച്ച 68കാരനായ ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട് യേൽ സർവകലാശാലയിൽനിന്ന് 1980ൽ പിഎച്ച്.ഡി നേടി. നിലവിൽ ഷികാഗോ സർവകലാശാലയിലെ ഫിനാൻസ് പ്രഫസറാണ്. 1955ൽ ജനിച്ച 67കാരനായ ഫിലിപ് എച്ച്. ഡിബ്‌വിഗ് യേൽ സർവകലാശാലയിൽനിന്ന് 1979ൽ പി.എച്ച്.ഡി നേടി. നിലവിൽ വാഷിങ്ടൻ സർവകലാശാലയിലെ ബാങ്കിങ് ആൻഡ് ഫിനാൻസ് പ്രഫസറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.