ഓട്ടവ: കാനഡയിലെ തദ്ദേശീയ വിഭാഗങ്ങളെ 'സംസ്കരിക്കാനെ'ന്ന പേരിൽ റോമൻ കാത്തലിക് സഭയുടെ റെസിഡൻഷ്യൽ സ്കൂളുകളിലെത്തിച്ച് നടത്തിയത് വംശഹത്യയെന്ന് തുറന്നുപറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. കാനഡ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് തുറന്നുപറച്ചിൽ. എന്തുകൊണ്ട് വംശഹത്യയെന്ന പദം ഉപയോഗിച്ചില്ലെന്ന തദ്ദേശീയനായ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് നടന്നത് വംശഹത്യതന്നെയാണെന്ന് മാർപാപ്പ വ്യക്തമാക്കിയത്. സംഭവത്തിലെ സഭയുടെ പങ്കിൽ കഴിഞ്ഞദിവസം അദ്ദേഹം വീണ്ടും മാപ്പു ചോദിച്ചിരുന്നു. 'കുഞ്ഞുങ്ങളെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുവന്ന് അവരുടെ സംസ്കാരവും മനസ്സും പാരമ്പര്യവും മാറ്റിയെടുക്കാൻ നടത്തിയ ശ്രമങ്ങളെ ഞാൻ അപലപിക്കുന്ന'തായി അദ്ദേഹം പറഞ്ഞു.
1881 മുതൽ 1996 വരെ കാലയളവിൽ ഒന്നര ലക്ഷത്തിലേറെ ഗോത്രവർഗക്കാരായ കുട്ടികളെയാണ് കുടുംബത്തിൽനിന്ന് നിർബന്ധപൂർവം അടർത്തിയെടുത്ത് റെസിഡൻഷ്യൽ സ്കൂളുകളിലെത്തിച്ചിരുന്നത്. പട്ടിണിക്കിട്ടും അടിച്ചും ലൈംഗികപീഡനത്തിനിരയാക്കിയും നിരവധി കുട്ടികൾ അറുകൊല ചെയ്യപ്പെട്ടു. അവശേഷിച്ചവർ കൊടുംക്രൂരതകളുടെ നടുവിൽ നരകിച്ചു. നടന്നത് സാംസ്കാരിക വംശഹത്യയാണെന്ന് കാനഡയിലെ 'ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ കമീഷൻ' കുറ്റപ്പെടുത്തിയിരുന്നു. സർക്കാറുകൾക്കുവേണ്ടി റോമൻ കാത്തലിക് സഭയാണ് സ്കൂളുകൾ നടത്തിയിരുന്നത്. ഗോത്ര വർഗ കുടുംബങ്ങളിൽനിന്ന് അടർത്തിയെടുത്ത് ദേശീയ, ക്രിസ്ത്യൻ സംസ്കാരങ്ങളുടെ ഭാഗമാക്കുകയായിരുന്നു സഭ സ്കൂളുകൾ ഏറ്റെടുത്ത ദൗത്യം.
മാപ്പപേക്ഷയുടെ ഭാഗമായി വെള്ളിയാഴ്ച ആർടികിനോടു ചേർന്നുള്ള ഗോത്രവർഗ മേഖലയായ നുനാവടിലെത്തിയ മാർപാപ സഭ സ്കൂളുകളിലെ മുൻ വിദ്യാർഥികളെ കണ്ട് അനുഭവങ്ങൾ കേട്ടു. സ്വന്തം മാതാപിതാക്കളുമായും ഉറ്റവരായ മറ്റുള്ളവരുമായുള്ള ബന്ധം ഇല്ലാതാക്കുന്ന നടപടി അതിനീചമാണെന്ന് മാർപാപ്പ പറഞ്ഞു. നുനാവടിൽ രണ്ട് റെസിഡൻഷ്യൽ സ്കൂളുകൾ നടന്ന മാസ്ക്വാസിസിലാണ് മാർപാപ്പ സന്ദർശനം നടത്തിയത്. തദ്ദേശീയ വിഭാഗങ്ങളുള്ള എഡ്മൺടൺ, ആൽബെർട്ട, ക്യുബെക് സിറ്റി എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മാർപാപ്പ സന്ദർശനം നടത്തിയിരുന്നു. ആറു ദിവസത്തേക്കായിരുന്നു കാനഡയിൽ മാർപാപ്പയുടെ സന്ദർശനം.
അതിനിടെ, അവസാന ഘട്ടങ്ങളിൽ ആരോപണവിധേയനായി രാജ്യം വിട്ട് ഫ്രാൻസിലുള്ള വൈദികൻ ജൊആനസ് റിവോയറെ വിട്ടുകിട്ടാനാവശ്യപ്പെട്ട് ചിലർ മാർപാപ്പയുടെ സന്ദർശന വേളയിലും പ്രതിഷേധവുമായി രംഗത്തെത്തി. ഇയാൾക്കെതിരെ 1998ൽ കാനഡ സർക്കാർ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. നിരവധി കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. എന്നാൽ, താൻ കുറ്റം ചെയ്തില്ലെന്നാണ് റിവോയറുടെ നിലപാട്. മാർപാപ്പയുടെ സന്ദർശനവും മാപ്പപേക്ഷയും സമ്മിശ്രമായാണ് കാനഡയിൽ സ്വീകരിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.