ധാക്ക:ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജ്യം വിടുന്നതിനു മുമ്പ് പ്രചരിച്ച അവരുടെ പേരിലുള്ള രാജി കത്ത് വ്യാജമെന്ന് മകൻ സജീബ് വസീദ് ജോയ്. ഞായറാഴ്ച എക്‌സിൽ പുറത്തുവിട്ട പ്രസ്താവനയിലാണ് സജീബ് വസീദ് ഇക്കാര്യം പറഞ്ഞത്. ഒരു പത്രത്തിൽ അടുത്തിടെ പ്രസിദ്ധീകരിച്ച എന്റെ അമ്മയുടേതെന്ന രീതിയിലുള്ള രാജിക്കത്ത് പൂർണമായും വ്യാജവും കെട്ടിച്ചമച്ചതുമാണ്. ധാക്കയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പോ ശേഷമോ അവർ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. സജീബ് വസീദ് എക്സിൽ പോസ്റ്റ് ചെയ്തു.
ആഗസ്റ്റ് അഞ്ചിന് നടന്ന വിദ്യാർത്ഥി-ബഹുജന മുന്നേറ്റത്തിൽ ശൈഖ് ഹസീനയുടെ സർക്കാർ അട്ടിമറിക്കപ്പെടുകയും അവർ രാജ്യം വിട്ട് ഇന്ത്യയിൽ അഭയം പ്രാപിക്കുകയുമായിരുന്നു. രാജ്യത്ത് യു.എസ് ഭരണമാറ്റത്തിന് ഗൂഢാലോചന നടത്തുകയാണെന്നും അവസരം ലഭിച്ചാൽ ഇക്കാര്യം തന്റെ പ്രസംഗത്തിൽ സൂചിപ്പിക്കുമെന്നും ഹസീന കത്തിൽ സൂചിപ്പിച്ചിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
‘മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് ഞാൻ രാജിവെച്ചത്. വിദ്യാർഥികളുടെ മൃതദേഹത്തിന് മുകളിൽ ഞാൻ അധികാരത്തിലിരിക്കാനാണ് അവർ ആഗ്രഹിച്ചത്. എന്നാൽ ഞാൻ അനുവദിച്ചില്ല. പ്രധാനമന്ത്രിപദം രാജിവെച്ചു.
എനിക്ക് വേണമെങ്കിൽ അധികാരത്തിൽ തുടരാമായിരുന്നു.സെന്റ് മാർട്ടിൻ ദ്വീപുകൾ വിട്ടുനൽകി ബംഗാൾ ഉൾക്കടലിന്റെ അധികാരം പിടിച്ചെടുക്കാൻ യു.എസിനെ അനുവദിച്ചിരുന്നുവെങ്കിൽ തനിക്ക് ഈ സ്ഥാനത്ത് തുടരാമായിരുന്നു’. എന്നാൽ ഈ വിവരങ്ങൾ അടങ്ങിയ ഒരു കത്തും ഉണ്ടായിരുന്നില്ലെന്നാണ് മകൻ വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.