വാഷിങ്ടൺ: പസഫിക് സമുദ്രത്തിൽ ഏറ്റവും താഴ്ചയിൽ ഇനിയൊരു തിരിച്ചുവരവില്ലാതെ സസുഖം വിശ്രമിക്കുന്ന അമേരിക്കൻ യുദ്ധക്കപ്പലായ യു.എസ്.എസ് ജോൺസ്റ്റണെ സമ്പൂർണമായി ചിത്രങ്ങളിൽ പകർത്തി വിക്ടർ വെസ്കോവോയെന്ന സാഹസിക സഞ്ചാരിയും അദ്ദേഹത്തിന്‍റെ സ്വന്തം കലാഡൻ ഓഷ്യാനിക് കമ്പനിയും. രണ്ടാം ലോക യുദ്ധത്തിനിടെ ജപ്പാൻ ബോംബേറ്റു ആഴിയോടു ചേർന്ന കപ്പൽ 21,180 അടി (ആറര കിലോമീറ്റർ) താഴ്ചയിലാണുള്ളത്. യുദ്ധക്കപ്പൽ എവിടെയുണ്ടെന്ന് നേരത്തെ അറിയാമായിരുന്നുവെങ്കിലും ആദ്യമായാണ് ഒരു സംഘം കപ്പലിനരികെ ചെന്ന് വിശദമായ ചിത്രങ്ങൾ പങ്കുവെക്കുന്നത്.
കടലിനടിയിൽ വിശ്രമിക്കുന്ന കപ്പലുകൾ തേടിയിറങ്ങുന്ന ദൗത്യവുമായി സജീവമായി രംഗത്തുള്ള കലാഡൻ ഓഷ്യാനികും വിക്ടർ വെസ്കോവോയും കഴിഞ്ഞ മാർച്ച് 31നാണ് യു.എസ്.എസ് ജോൺസ്റ്റണിനരികെയെത്തിയത്. നേരത്തെ കണക്കൂകൂട്ടിയതിനെക്കാൾ 100 അടിയിലേറെ താഴ്ചയിലാണ് കപ്പൽ ഇപ്പോഴുള്ളതെന്ന് സംഘം പറയുന്നു.
മുൻ യു.എസ് നാവിക സേന കമാൻഡറായ വെസ്കോവോ കടലിനടിയിൽ മാത്രമല്ല, എല്ലാ ഭൂഖണ്ഡങ്ങളിലെയും ഉയർന്ന പ്രദേശങ്ങളും ഒപ്പം ആർട്ടിക്, അന്‍റാർട്ടിക് മേഖലകളും പര്യവേക്ഷണം നടത്തി പ്രശസ്തനാണ്. യാത്രക്കായി ഉപയോഗിച്ച ലിമിറ്റിങ് ഫാക്ടർ എന്ന കപ്പലിന്‍റെ അമരത്ത് കാര്യങ്ങൾ നിയന്ത്രിച്ചതും വെസ്കോവോ തന്നെ.
രണ്ടാം ലോക യുദ്ധത്തിനിടെ ജപ്പാനും യു.എസും തമ്മിൽ നടന്ന സമർ യുദ്ധത്തിലാണ് മറ്റു കപ്പലുകൾക്കൊപ്പം യു.എസ്.എസ് ജോൺസ്റ്റണും തകർന്നത്.
നാലു യുദ്ധക്കപ്പലുകളും ആറ് ഹെവി ക്രൂസറുകളും രണ്ട് ലൈറ്റ് ക്രൂസറുകളും 11 ഡെസ്ട്രോയറുകളുമുൾപെടെ അതിശക്തമായ നാവിക സേനാബലമുള്ള ജപ്പാൻ തുടക്കത്തിൽ ശക്തമായാണ് പോരാടിയത്. ആദ്യ ആക്രമണത്തിൽ ജപ്പാൻ ക്രൂസർ നശിപ്പിച്ച് മികവു കാട്ടിയ ജോൺസ്റ്റൺ പക്ഷേ, അവസാനം തളർന്ന് ആഴക്കടലിലേക്ക് മുങ്ങുകയായിരുന്നു. ഈ കപ്പലിലുണ്ടായിരുന്ന 327 പേരിൽ 186 നാവിക സേനാംഗങ്ങളും കൊല്ലപ്പെട്ടു. അവശേഷിച്ചവർ രക്ഷപ്പെട്ടു. യു.എസിന് കനത്ത ആൾനാശമുണ്ടാക്കുകയും നിരവധി കപ്പലുകൾ തകരുകയും ചെയ്തെങ്കിലും അന്തിമ പരാജയം ജപ്പാനായിരുന്നു. യു.എസ്.എസ് ജോൺസ്റ്റൺ മാത്രമല്ല, അനുഗമിച്ച മറ്റു രണ്ടു കപ്പലുകളും അന്ന് യു.എസിന് നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.