ഗസ്സ സിറ്റി: വൈദ്യുതിയുണ്ടാക്കാൻ ഇന്ധനമില്ലാതെ ഇരുട്ടിലായ ആശുപത്രികളിൽ മിക്കതും അടച്ചുപൂട്ടി മഹാദുരന്തം വാപൊളിക്കുന്ന ഗസ്സയിലെ ആശുപത്രികളിൽ നിന്നായിരിക്കും ഇനി ദുരന്ത വാർത്തകൾ കേൾക്കുക. അനസ്തേഷ്യ നൽകാൻ സംവിധാനമില്ലാത്തതിനാൽ അതില്ലാതെ ശസ്ത്രക്രിയ നൽകാൻ നിർബന്ധിതരായിരിക്കുകയാണ് ഗസ്സയിലെ ഡോക്ടർമാരെന്ന് യു.എൻ ആരോഗ്യ ഏജൻസി.
അവയവങ്ങൾ മുറിച്ചുമാറ്റുന്നതടക്കമുള്ള ശസ്ത്രക്രിയകൾ അനസ്തേഷ്യയില്ലാതെ ചെയ്യേണ്ടിവന്ന ഡോക്ടർമാരുണ്ടെന്നും യു.എൻ ഏജൻസി പറഞ്ഞു. തങ്ങളുടെ 16 പ്രവർത്തകർ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടുവെന്നും ഏജൻസി കൂട്ടിച്ചേർത്തു. ഇതിനിടെ, എഴുപതോളം കുട്ടികൾ ചികിത്സയിലുള്ളതും ആയിരത്തോളംപേർ അഭയം തേടിയതുമായ അൽ റൻതീസി ആശുപത്രി ഒഴിയാൻ ഇസ്രായേൽ അന്ത്യശാസനം നൽകി.
ഗസ്സ: വടക്കൻ ഗസ്സയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടിയതായി ഗസ്സ ആഭ്യന്തര മന്ത്രാലയം. ഇസ്രായേൽ ആസൂത്രിതമായി ഇത്തരം കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതും ഭക്ഷ്യധാന്യങ്ങളുടെയും ഇന്ധനത്തിന്റെയും ദൗർലഭ്യവും കാരണമാണ് ഇവ പൂട്ടേണ്ടി വന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇസ്രായേൽ പട്ടിണി ആയുധമാക്കുന്നതായി ‘ഓക്സ് ഫാം’ നേരത്തേതന്നെ ആരോപിച്ചിരുന്നു. ഒക്ടോബർ 21 മുതൽ 569 ട്രക്കുകൾ റഫ അതിർത്തി വഴി ഗസ്സയിലെത്തിയെങ്കിലും ഇതിൽ ഒന്നുപോലും വടക്കൻ ഗസ്സയിൽ എത്തിയിട്ടില്ല. ഇസ്രായേൽ ആക്രമണത്തിനു മുമ്പ് ദിവസവും 750-850 ട്രക്ക് എത്തിയിരുന്നിടത്താണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.