ബുദ്ധ സന്യാസിയും സമാധാന പ്രചാരകനുമായ തിച് നാറ്റ് ഹാന്‍ അന്തരിച്ചു

ഹനോയ് (വിയറ്റ്നാം): പ്രമുഖ സെന്‍ ബുദ്ധ സന്യാസിയും സമാധാന പ്രചാരകനുമായ തിച് നാറ്റ് ഹാന്‍ (95) അന്തരിച്ചു. ഹാന്‍ സ്ഥാപിച്ച ഇന്‍റര്‍നാഷണല്‍ പ്ലം വില്ലേജ് കമ്യൂണിറ്റി ട്വീറ്റിലൂടെയാണ് മരണവിവരം ലോകത്തെ അറിയിച്ചത്.

1926 ഒക്ടോബര്‍ 11ന് സെന്‍ട്രല്‍ വിയറ്റ്നാമിലാണ് തിച് നാറ്റ് ഹാന്‍ ജനിച്ചത്. നുയാൻ യുവാൻ ബവോ എന്നായിരുന്നു യഥാർഥ പേര്. 16-ാം വയസിൽ ബുദ്ധമതത്തിലേക്ക് അകൃഷ്ടനായ ഹാൻ സമാധാന പ്രവർത്തനത്തിനായി ജീവിതം സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഫ്രഞ്ച് കൊളോണിയല്‍ ഭരണാധികാരികളില്‍ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ മോചിപ്പിക്കാന്‍ ശ്രമിച്ച ഹാൻ, ഫ്രാന്‍സില്‍ അന്താരാഷ്ട്ര പ്ലം വില്ലേജ് സ്ഥാപിക്കുകയും ചെയ്തു.

1950കളില്‍ വിയറ്റ്നാം ബുദ്ധമതത്തില്‍ അദ്ദേഹം ഇടപെടൽ നടത്തി. ഗറില്ലാ യുദ്ധകാലത്ത് ദുരിതാശ്വാസത്തിനായും ഇന്ത്യ-ചൈന യുദ്ധത്തില്‍ തകർന്ന സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയുടെ പുനരുദ്ധാരണത്തിനുമായി 'യൂത്ത് സോഷ്യല്‍ സര്‍വീസ് ഫോര്‍ യൂത്ത് സൊസൈറ്റി' എന്ന സംഘടനക്ക് രൂപം നൽകി.

ഏഴ് ഭാഷകൾ സംസാരിച്ചിരുന്ന ഹാൻ, 1960കളുടെ തുടക്കത്തിൽ അമേരിക്കയിലെ പ്രിൻസ്റ്റൺ, കൊളംബിയ സർവകലാശാലകളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്. യുഎസ്-വിയറ്റ്നാം യുദ്ധത്തിനെതിരായ ഉയർന്ന ബുദ്ധമതക്കാരുടെ പ്രതിഷേധത്തിൽ പങ്കാളിയാകുന്നതിന് 1963ൽ വിയറ്റ്നാമിലേക്ക് മടങ്ങി.

പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ലോകമെമ്പാടുമുള്ള അനുയായികളോട് ഹാൻ നിരന്തരം സംവദിച്ചിരുന്നു. പാശ്ചാത്യ ബുദ്ധമതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം. 2014ല്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഹാനിന്‍റെ  സംസാരശേഷി നഷ്ടപ്പെട്ടിരുന്നു.

ഓള്‍ഡ് പാത്ത് വൈറ്റ് ക്ലൗഡ്-വാക്കിങ് ഇന്‍ ദ ഫുട്സ്റ്റെപ്സ് ഓഫ് ബുദ്ധ, മൈന്‍ഡ് ഓഫ് മൈന്‍ഡ്ഫുള്‍നെസ്, അറ്റ് ഹോം ഇന്‍ ദ വേള്‍ഡ് എന്നിവയാണ് പ്രധാന രചനകൾ.

Tags:    
News Summary - Thich Nhat Hanh, influential Buddhist monk, dies at 95

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.