പരിചയമില്ലാത്തവർക്ക് വാഹനം കണ്ണുംപൂട്ടി വിശ്വസിച്ച് 'ടെസ്റ്റ് ഡ്രൈവിന്' നൽകാറുണ്ടോ? എന്നാൽ അത്തരത്തിൽ ഓടിച്ചുനോക്കാൻ നൽകിയ വാഹനം മോഷ്ടിച്ച് പണം തട്ടുന്നവരുണ്ടെന്നാണ് 27കാരന്‍റെ അനുഭവം.
വെസ്റ്റ് മിഡ്ലാൻഡിൽ 27കാരനായ ജെയ്ക് ബാറ്റെസൺ തന്‍റെ കിയ റിയോ വിൽക്കാനുണ്ടെന്ന് പരസ്യം നൽകുകയായിരുന്നു. ഏപ്രിൽ 13ന് പരസ്യം ശ്രദ്ധയിൽപ്പെട്ട ഒരാൾ ജെയ്ക്കിന്റെ അടുത്തെത്തുകയും കാർ ഓടിച്ചുനോക്കാൻ അനുവാദം ചോദിക്കുകയുമായിരുന്നു. ജെയ്ക് മറ്റൊന്നും ആലോചിക്കാതെ കാറിന്റെ താക്കോൽ അജ്ഞാതന് കൈമാറുകയും ചെയ്തു.
ടെസ്റ്റ് ഡ്രൈവിന് കാറുമായി പോയ അജ്ഞാതൻ തിരിച്ചെത്താതായതോടെയാണ് അബദ്ധം മനസിലാകുന്നത്. എന്നാൽ, ഉടൻ തന്നെ ജെയ്ക്കിന്റെ ഫോണിലേക്ക് അജ്ഞാതന്‍റെ സന്ദേശവുമെത്തി. കാർ എവിടെയുണ്ടെന്ന് പറയണമെങ്കിൽ 50,000 രൂപ നൽകണമെന്നായിരുന്നു സന്ദേശം. പണം നൽകില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും ജെയ്ക്കിന്റെ മറുപടി സന്ദേശത്തിന് പരിഹാസമായിരുന്നു അജ്ഞാതന്‍റെ മറുപടി.
എന്നാൽ, പണം ആവശ്യെപ്പടുന്നതിന് മുമ്പുതന്നെ ജെയ്ക്കിന്റെ കാർ വീടിന് സമീപത്തുതന്നെ പാർക്ക് ചെയ്തിരുന്നതായാണ് വിവരം.
ദിവസങ്ങൾക്ക് മുമ്പ് ജെയ്ക്കിന്റെ സുഹൃത്തിനും ഇത്തരത്തിൽ ഒരു അനുഭവം നേരിട്ടിരുന്നു. കിങ് ഹീത്ത് സ്വദേശിയായ സുഹൃത്തിനാണ് ദുരനുഭവമുണ്ടായത്. കാർ വിൽക്കാനുണ്ടെന്ന പരസ്യം നൽകിയതിന് പിന്നാലെയായിരുന്നു മോഷണം. സംഭവത്തിൽ ജെയ്ക്കും സുഹൃത്തും പൊലീസിൽ പരാതി നൽകി.
തന്‍റെ പേര് സിദ് എന്നാണെന്നും ഭാര്യ ഗർഭിണിയാണെന്ന് പറഞ്ഞിരുന്നതായും ജെയ്ക്ക് പറഞ്ഞു. സംഭവം ഞെട്ടലും സങ്കടവുമുണ്ടാക്കിയതായും മറ്റുള്ളവരോടുള്ള വിശ്വാസത്തെ അവർ മുതലെടുക്കുകയാണെന്നും ജെയ്ക്ക് പറഞ്ഞു. രണ്ടു മോഷണങ്ങൾക്ക് പിന്നിലും ഒരാൾ തന്നെയാണെന്നാണ് പൊലീസിന്‍റെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.