ന്യൂയോർക്ക്: മരണത്തെ തോൽപിക്കാനുള്ള ഗവേഷണങ്ങളിൽ യു.എസ് ശതകോടീശ്വരൻ. 400 മില്യൻ യു.എസ് ഡോളർ ആസ്തിയുള്ള ബ്രയാൻ ജോൺസനാണ് (46) യുവത്വം നിലനിർത്താനുള്ള ഗവേഷണങ്ങൾക്കായി ശതകോടികൾ നിക്ഷേപിച്ചിരിക്കുന്നത്. സ്വന്തം യുവത്വം നിലനിർത്താനായി ദിവസവും ബ്രയാൻ കഴിക്കുന്നത് 111 ഗുളികകളാണ്.
മരണം ഇല്ലാതാക്കാനും നിത്യയൗവനം നിലനിർത്താനുള്ള ഗവേഷണങ്ങൾക്കായി ബ്ലൂപ്രിന്റ് എന്ന പേരിൽ ഒരു സ്ഥാപനത്തിനു തുടക്കമിട്ടിട്ടുണ്ട് ഇദ്ദേഹം. ഗവേഷണത്തിനായി ഒരു സംഘം ഡോക്ടർമാരെ ഇദ്ദേഹം കമ്പനിയിൽ നിയമിച്ചിട്ടുണ്ട്. സ്വന്തം ശരീരം തന്നെയാണു പരീക്ഷണ വസ്തുവായി സമർപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ദിവസവും 111 ഗുളികകൾ കഴിക്കുന്നത്. ഇതിനുപുറമെ തലച്ചോറിലേക്ക് ചുവന്ന വെളിച്ചം കടത്തിവിടുന്ന ബേസ്ബാൾ തൊപ്പി ധരിച്ചാണ് അദ്ദേഹം നടക്കുന്നത്. മുഖത്തെ ചുളിവുകൾ തടയാനായി ഒരു ക്രീം ഉപയോഗിച്ചാണു രാവിലെ മുഖം കഴുകുക.
ദിവസവും എട്ടു മണിക്കൂറിലേറെ ഉറക്കം നിർബന്ധമാണ്. മധുരവും എട്ടു മണിക്കൂറിൽ കുറഞ്ഞ ഉറക്കവുമെല്ലാമാണു മനുഷ്യരുടെ പ്രായം കൂട്ടുന്നതെന്നാണ് ബ്രയാൻ പറയുന്നത്. തന്റെ അവയവങ്ങൾ 18 വയസുകാരന്റേതു പോലെ പ്രവർത്തിക്കുന്ന രീതിയിലേക്കു മാറ്റുകയാണ് ബ്രയാൻ ലക്ഷ്യമിടുന്നത്.
മൂന്നു വർഷംമുൻപാണ് മരണത്തിനു മറുമരുന്ന് കണ്ടെത്താനുള്ള ദൗത്യം ബ്രയാൻ ജോൺസൻ ആരംഭിക്കുന്നത്. ഇപ്പോൾ ബ്രയാന്റെ ജീവിതവും ശരീരവും നിരീക്ഷിക്കാനായി ഒരുസംഘം ഡോക്ടർമാർ തന്നെയുണ്ട്. അദ്ദേഹം കഴിക്കുന്ന മരുന്നും തുടരുന്ന ജീവിതശൈലിയും ഉണ്ടാക്കുന്ന മാറ്റങ്ങൾ നിരീക്ഷിച്ചാണ് ഇവർ പ്രായമാകുന്നതു തടയാനുള്ള കണ്ടെത്തലുകൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.