ഗസ്സ: കര അധിനിവേശത്തിന് മുന്നോടിയായി തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകണമെന്ന ഇസ്രായേലിന്റെ അന്ത്യശാസനത്തെ തുടർന്ന് പലായനംചെയ്ത നൂറുകണക്കിന് ഫലസ്തീൻ കുടുംബങ്ങൾ ഗസ്സ മുനമ്പിനും ഈജിപ്തിലെ സിനായിക്കും ഇടയിലുള്ള റഫ അതിർത്തിയിലെത്തി.
നിരവധി കുടുംബങ്ങളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. എന്നാൽ അവർക്ക് ഈജിപ്തിലേക്ക് പ്രവേശനം അനുവദിക്കുമോ എന്നകാര്യത്തിൽ ഇനിയും വ്യക്തതയില്ല. വിദേശികൾക്കും ഇരട്ടപൗരത്വമുള്ളവർക്കുമായി ക്രോസിങ് തുറന്നുകൊടുക്കുന്നത് സംബന്ധിച്ച് ഈജിപ്ത്, ഇസ്രായേൽ, ഖത്തർ എന്നീ രാജ്യങ്ങളുമായി ആശയവിനിമയം നടത്തിവരുകയാണെന്ന് മുതിർന്ന യു.എസ് സ്റ്റേറ്റ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
എന്നാൽ ഗസ്സയിലെ ജനങ്ങളെ പുറത്താക്കാനാണ് ഇസ്രായേൽ നീക്കമെന്ന് ഫലസ്തീൻകാർക്കും ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർക്കും സംശയമുണ്ട്. അതേസമയം ഗസ്സയുമായുള്ള റഫ ക്രോസിങ് പോയന്റിൽ ഈജിപ്ഷ്യൻ അധികൃതർ താൽക്കാലിക മതിലുകൾ സ്ഥാപിച്ചു.
ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം തുടങ്ങിയപ്പോൾ ക്രോസിങ് പോയന്റ് അടച്ചിരുന്നു. ഫലസ്തീനികളുടെ കൂട്ടപ്പലായനം നടക്കുമെന്ന ആശങ്കകളെത്തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായാണ് മതിലുകൾ സ്ഥാപിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യോമാക്രമണത്തിൽനിന്ന് ക്രോസിങ്ങിനെ ഒഴിവാക്കാൻ ഇസ്രായേലുമായി കരാറിലെത്തിയാൽ മതിലുകൾ നീക്കം ചെയ്യുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണവും മറ്റ് സാധനങ്ങളും ഉൾപ്പെടെ 1,000 ടൺ മാനുഷിക സഹായവുമായി 100ലധികം ട്രക്കുകൾ അതിർത്തിയിലേക്ക് അയച്ചതായി ഈജിപ്ഷ്യൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
എന്നാൽ റഫ വഴി ഗസ്സയിലേക്ക് സഹായം എത്തിക്കാൻ ഇസ്രായേലിന്റെ അനുമതിക്കായി ഇവ സിനായിൽ കാത്തുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.