കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ കൂടുതൽ നഗരങ്ങൾ പിടിച്ചെടുക്കുേമ്പാൾ ആയിരക്കണക്കിനാളുകളാണ് വീടുകൾ വിട്ട് സുരക്ഷിതത്വം തേടി കാബൂളിലേക്ക് പലായനം ചെയ്യുന്നത്. അവരിൽ പലരും കിടന്നുറങ്ങുന്നത് ഉപേക്ഷിക്കപ്പെട്ട ഗോഡൗണുകളിലോ തെരുവുകളിലോ ആണ്. ഒരുനേരത്തെ ഭക്ഷണം കണ്ടെത്താൻ പോലും വിഷമിക്കുകയാണ്. മരുന്നില്ല, കിടക്കാൻ ഇടമില്ല, വസ്ത്രം മാറിയുടുക്കാൻ പോലും കൈയിലില്ല.
സ്വന്തം വീടുകളിലേക്ക് തിരിച്ചുെചന്നാൽ മരണം മാത്രമാണ് മുന്നിലെന്ന് ബോധ്യമുള്ളതിനാൽ മാത്രം പരീക്ഷണത്തിന് തയാറാവുകയാണാ ജനക്കൂട്ടം. നഗരത്തിൽ ഉൾപ്രദേശങ്ങളിൽ അന്തിയുറങ്ങാൻ താൽകാലിക ക്യാമ്പുകൾ പണിയാനുള്ള ശ്രമത്തിലാണവർ.
താലിബാൻ വീട് ചാമ്പലാക്കിയതിനെ തുടർന്നാണ് ഭാര്യയെയും മക്കളെയും കൊണ്ട് കുന്ദൂസ് നഗരത്തിലെ കച്ചവടക്കാരനായിരുന്ന അസദുല്ല എന്ന 35 കാരൻ കാബൂളിലെത്തിയത്. ''തെരുവു കച്ചവടക്കാരനായിരുന്നു ഞാൻ. വീട് താലിബാൻ റോക്കറ്റാക്രമണത്തിൽ തകർത്തു. ഇപ്പോൾ കുട്ടികൾക്ക് മരുന്നിനും ഒരുനേരത്തെ ഭക്ഷണം നൽകാനും പണമില്ല'-അസദുല്ല പറയുന്നു.തെരുവിലാണ് ഈ കുടുംബം രാത്രി തള്ളിനീക്കുന്നത്. ''നാട്ടിൽ നല്ല രീതിയിൽ ജീവിച്ചുവരികയായിരുന്നു. എല്ലാം താലിബാൻ ഇല്ലാതാക്കി. ബോംബാക്രമണത്തിൽ കിടപ്പാടം നഷ്ടപ്പെട്ടു.
ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമായി വീട് വിട്ടിറങ്ങിയതാണ് ഞങ്ങൾ''-കൂട്ടത്തിലെ മറ്റൊരു സ്ത്രീ അവരുടെ അവസ്ഥ വിവരിച്ചു. അഫ്ഗാനിൽ താലിബാനും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെ കുടിയിറക്കപ്പെടുന്നവരുടെ എണ്ണം വൻതോതിൽ വർധിക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ മുന്നറിയിപ്പ്.
ജൂലൈയിൽ മാത്രം 270,000 ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെട്ടുവെന്നാണ് യു.എൻ കണക്ക്. ദിവസങ്ങൾക്കകം അഭയാർഥികളാകുന്നവരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് റിപ്പോർട്ട്. ആയിരത്തോളം തദ്ദേശവാസികൾക്ക് ജീവൻ നഷ്ടപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.