വെസ്റ്റ്ബാങ്കിൽ വീണ്ടും ഇസ്രായേൽ കുരുതി; മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു

ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ വീണ്ടും ഫലസ്തീനികൾ​ക്കെതിരെ ഇസ്രായേൽ ആക്രമണം. വെസ്റ്റ്ബാങ്കിലെ വടക്കൻ മേഖലയിലെ നബ്‍ലൂസിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഫലസ്തീനി യുവാക്കൾ കൊല്ലപ്പെട്ടു. നബ്‍ലൂസിലെ ബലാത്ത അഭയാർഥി ക്യാംപിൽ ഇന്നു രാവിലെയാണ് ആക്രമണം നടന്നത്.

ഇസ്രായേൽ സൈന്യത്തെ പ്രതിരോധിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കളെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. മുഹമ്മദ് സൈത്തൂൻ(32), ഫാത്തി റിസ്‌ക്(30), അബ്ദുൽ അബൂ ഹംദാൻ(24) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. വെടിയേറ്റ മറ്റൊരു ഫലസ്തീനി യുവാവ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു.

ആക്രമണത്തിൽ ഏഴു ഫലസ്തീനികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ നാലുപേർക്ക് വെടിവെപ്പിലാണ് പരിക്കേറ്റത്. കണ്ണീർവാതകപ്രയോഗത്തിൽ നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. കഴിഞ്ഞയാഴ്ച ഇസ്രായേൽ ആക്രമണത്തിൽ 30ഓളം ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായി വന്ന ആരോഗ്യ പ്രവർത്തകരെയും ആംബുലൻസുകളെയും സൈന്യം സംഭവസ്ഥലത്തേക്ക് കടക്കാൻ അനുവദിച്ചില്ല. ബുൾഡോസർ ഉപയോഗിച്ചാണ് അഭയാർത്ഥി ക്യാംപിന്റെ കവാടം സംഘം തടഞ്ഞത്. ക്യാംപിലെ നിരവധി വീടുകളിൽ ഇസ്രായേൽ സൈന്യം അതിക്രമം നടത്തിയതായും റിപ്പോർട്ടുണ്ട്. ഏതാനും വീടുകൾ തകർക്കുകയും ചെയ്തു. അതിക്രമത്തിൽ ഒരു പെൺകുട്ടിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു.

ഈ വർഷം മാത്രം 117 ഫലസ്തീനികളെയാണ് വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്. ഗസ്സയിൽ 34 പേരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.   

Tags:    
News Summary - Three Palestinians killed by Israeli forces in raid on Nablus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.