കൊളംബോ: ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായി അനുര കുമാര ദിസനായകെ അധികാരമേറ്റു. പ്രസിഡന്റിന്റെ ഓഫിസിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ജയന്ത ജയസൂരിയ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ സമാഗി ജന ബലവേഗായയുടെ സജിത് പ്രേമദാസയെയാണ് ജനത വിമുക്തി പെരമുന പാർട്ടി നേതാവായ ദിസനായകെ തോൽപിച്ചത്. 2022ലെ സാമ്പത്തിക തകർച്ചയിൽ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സ നാടുവിട്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 5.74 ദശലക്ഷം വോട്ടുകൾ നേടിയായിരുന്നു വിജയം. അധികാര കൈമാറ്റത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ദിനേശ് ഗുണവർധനെയും രാജിവെച്ചു.
ജനവിധി അംഗീകരിക്കുകയും സമാധാനപരമായി അധികാരം കൈമാറുകയും ചെയ്ത സ്ഥാനമൊഴിയുന്ന പ്രസിഡൻറ് റനിൽ വിക്രമസിംഗെക്ക് അദ്ദേഹം നന്ദി പറഞ്ഞു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനും രാഷ്ടീയ നേതാക്കളിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം തിരിച്ചുപിടിക്കാനും ശ്രമിക്കുമെന്ന് ദിസനായകെ പറഞ്ഞു. ശ്രീലങ്കക്ക് ഒറ്റപ്പെട്ട് നിൽക്കാൻ കഴിയില്ല. അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്.
ഞാനൊരു മന്ത്രവാദിയോ മാന്ത്രികനോ അല്ല. ഈ രാജ്യത്ത് ജനിച്ച സാധാരണ പൗരനാണ്. എനിക്ക് കഴിവുകളും കഴിവില്ലായ്മകളുമുണ്ട്. അറിയുന്നതും അറിയാത്തതുമായ കാര്യങ്ങളുമുണ്ട്. ആളുകളുടെ കഴിവുകളും അറിവും പ്രയോജനപ്പെടുത്തുകയും ഈ രാജ്യത്തെ നയിക്കാൻ മികച്ച തീരുമാനങ്ങൾ എടുക്കുകയും ചെയ്യുക എന്നതാണ് എന്റെ ആദ്യ ദൗത്യം - ദിസനായകെ കൂട്ടിച്ചേർത്തു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ശ്രമിക്കുമെന്ന് ദിസനായകെ പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെയും മേഖലയുടെയും പുരോഗതിക്കുവേണ്ടി പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ‘എക്സ്’ൽ അഭിനന്ദനമറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണക്ക് അദ്ദേഹം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.