വാഷിങ്ടൺ ഡി.സി: ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രക്കിടെ അറ്റ്ലാന്‍റിക് സമുദ്രത്തിൽ അപ്രത്യക്ഷമായ മുങ്ങിക്കപ്പലിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി. യാത്രികർക്ക് നാല് ദിവസം ആവശ്യമായ ഓക്സിജനാണ് മുങ്ങിക്കപ്പലിനകത്തുള്ളത്. കാണാതായിട്ട് ഒരു ദിവസത്തിലേറെയായി. അവശേഷിക്കുന്ന സമയം ഏറെ വിലപ്പെട്ടതാണെന്നതിനാൽ യു.എസ്-കനേഡിയൻ നാവികസേനകളും സ്വകാര്യ ഏജൻസികളും വ്യാപക തെരച്ചിലിലാണ്.
ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാർഡിങ് ഉൾപ്പെടെ അഞ്ചുപേരാണ് കാണാതായ മുങ്ങിക്കപ്പലിൽ ഉള്ളത്. പാകിസ്താനിൽ നിന്നുള്ള ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ ദാവൂദ് എന്നിവരും കപ്പലിലുണ്ട്. കാനഡയിലെ ന്യൂഫൗണ്ട് ലാൻഡിൽ നിന്ന് ഞായറാഴ്ച വിനോദസഞ്ചാരികളുമായി പുറപ്പെട്ട് ഒരു മണിക്കൂറും 45 മിനുട്ടും പിന്നിട്ടപ്പോഴാണ് മുങ്ങിക്കപ്പൽ കാണാതാകുന്നത്. ഓഷ്യൻ ഗേറ്റ് കമ്പനിയുടെതാണ് ടൈറ്റൻ എന്ന് പേരുള്ള മുങ്ങിക്കപ്പൽ.
അറ്റ്ലാന്‍റിക് സമുദ്രനിരപ്പിൽ നിന്ന് 3800 മീറ്റർ താഴ്ചയിൽ സമുദ്രത്തിന്‍റെ അടിത്തട്ടിലാണ് 1912ൽ തകർന്ന കൂറ്റൻ യാത്രാക്കപ്പലായ ടൈറ്റാനികിന്‍റെ അവശിഷ്ടങ്ങളുള്ളത്. ഇത് കാണാനാണ് ട്രക്കിന്‍റെ വലിപ്പമുള്ള മുങ്ങിക്കപ്പലിൽ സഞ്ചാരികളെ കൊണ്ടുപോകാറുള്ളത്. രണ്ട് കോടി രൂപയോളമാണ് (2,50,000 ഡോളർ) ടൈറ്റാനിക് സന്ദർശനം ഉൾപ്പെടെയുള്ള എട്ട് ദിവസത്തെ സമുദ്ര സഞ്ചാരത്തിന് ഒരാളിൽ നിന്ന് ഈടാക്കുന്നത്.
മാധ്യമപ്രവർത്തകനായ സി.ബി.എസിന്‍റെ ഡേവിഡ് പോഗ് കഴിഞ്ഞ വർഷം ഈ മുങ്ങിക്കപ്പലിൽ സഞ്ചരിച്ച് ടൈറ്റാനിക് അവശിഷ്ടങ്ങൾ കണ്ടിരുന്നു. പുറത്തുനിന്നുള്ളവരുടെ സഹായം കൂടാതെ മുങ്ങിക്കപ്പലിന് അകത്തുള്ളവർക്ക് രക്ഷപ്പെടൽ അസാധ്യമാണെന്ന് ഇദ്ദേഹം പറയുന്നു. കപ്പലിന്‍റെ പ്രവേശന കവാടം പുറത്തുനിന്ന് ബോൾട്ടുകളിട്ട് അടച്ചിട്ടുണ്ടാകും. മുങ്ങിക്കപ്പലിനൊപ്പം പോകുന്ന മറ്റൊരു കപ്പലുണ്ടാകും. ഇത് തൊട്ടുമുകളിലുണ്ടെങ്കിൽ അടിയിൽ നിന്നുകൊണ്ട് മുങ്ങിക്കപ്പലിൽ നിന്ന് ടെക്സ്റ്റ് മെസേജുകൾ അയക്കാനാകും. അല്ലാത്തപക്ഷം, സമുദ്രത്തിനടിയിൽ ജി.എപി.എസ്, റേഡിയോ സർവിസുകൾ ലഭിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.