ബൈറൂത്: ലബനാന്റെ തലസ്ഥാനമായ ബൈറൂതിന് തൊട്ടടുത്ത ജനവാസ കേന്ദ്രമായ ദാഹിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ ഇബ്രാഹീം ആഖിൽ അടക്കം 12 പേർ കൊല്ലപ്പെട്ടു. 66ലേറെ പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉണ്ടെന്ന് ലബനാന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ രണ്ട് കെട്ടിടങ്ങൾ പൂർണമായി തകർന്നു.
റദ്‍വാൻ സേന യൂനിറ്റിന്റെ യോഗത്തിനിടെയാണ് ആക്രമണം നടന്നതെന്നും നിരവധി ഹിസ്ബുല്ല കമാൻഡർമാർ കൊല്ലപ്പെട്ടതായും ഇസ്രായേൽ സൈനിക വക്താവ് അവിഷായ് ആൻഡ്രി പറഞ്ഞു. എന്നാൽ, സംഭവത്തെക്കുറിച്ച് ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, അപകടമുണ്ടായ ദാഹിയ ജില്ലയിലെ കെട്ടിടത്തിൽ ആഖിൽ ഉണ്ടായിരുന്നതായി ഹിസ്ബുല്ല ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. വൈകീട്ട് ഏറെ തിരക്കുള്ള സമയത്തായിരുന്നു ആക്രമണം. ബൈറൂത്തിൽനിന്ന് കിലോമീറ്ററുകൾ മാത്രം അകലെയുള്ള ജാമൂസ് മേഖലയിലെ കെട്ടിടം പൂർണമായും തകർന്ന ദൃശ്യം പ്രാദേശിക ചാനലുകൾ പുറത്തുവിട്ടു.
ഹിസ്ബുല്ലയുടെ ഏറ്റവും ഉയർന്ന സൈനിക വിഭാഗമായ ജിഹാദ് കൗൺസിൽ അംഗമാണ് ഇബ്രാഹീം ആഖിൽ. 1983ൽ ബൈറൂത്തിലെ എംബസിയിൽ 63 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഭീകരവാദിയെന്ന് മുദ്രകുത്തി തിരയുകയായിരുന്നു യു.എസ് നീതിന്യായ വകുപ്പ്. 241 പൗരന്മാർ കൊല്ലപ്പെട്ട നാവിക സേന ബാരക്ക് ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് യു.എസ് ആരോപണം. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് യു.എസ് ഏഴ് ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലിന്റെ ഉത്തര മേഖലയെ ലക്ഷ്യമിട്ട് ഹിസ്ബുല്ല 140 റോക്കറ്റുകൾ തൊടുത്തു. ഭൂരിഭാഗവും പ്രതിരോധ സംവിധാനമുപയോഗിച്ച് തകർത്തതായും ചിലത് തുറന്ന സ്ഥലങ്ങളിൽ പതിച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു.
വാഷിങ്ടൺ: ലബനാനിലെ പേജർ ആക്രമണത്തെ കുറിച്ച് യു.എസിന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്.
യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനുമായുള്ള ടെലിഫോൺ സംഭാഷണത്തിലാണ് ലബനാനിൽ വൻ ആക്രമണം നടത്താൻ പോകുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗല്ലൻഡ് അറിയിച്ചത്. എന്നാൽ, വിശദാംശങ്ങളൊന്നും നൽകിയിരുന്നില്ലെന്നും യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരുടെ ഫോൺ സംഭാഷണം നടന്ന ദിവസമാണ് ലബനാനിൽ പരക്കെ ആയിരക്കണക്കിന് പേജറുകൾ പൊട്ടിത്തെറിച്ച് നിരവധി പേർ കൊല്ലപ്പെടുകയും ആയിരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തത്. ഒറ്റ ആക്രമണത്തിലൂടെ നിരവധി ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ട ഇസ്രായേൽ നീക്കത്തിൽ സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.
ഇസ്രായേൽ-ഹിസ്ബുല്ല ഏറ്റുമുട്ടൽ രൂക്ഷമായ ഈ ആഴ്ച ഓസ്റ്റിനും ഗല്ലൻഡും തമ്മിൽ നാലു തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഞായറാഴ്ചയും ചൊവ്വാഴ്ചയും പേജർ ആക്രമണത്തിനുശേഷവും ബുധനാഴ്ചയും ഫോണിൽ സംസാരിച്ചു. അതേസമയം, ബുധനാഴ്ച നടന്ന വാക്കി ടോക്കി ആക്രമണത്തെ കുറിച്ച് യു.എസിന് മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പേജർ, വാക്കി ടോക്കി ആക്രമണങ്ങളിൽ യു.എസിന് ഒരു പങ്കുമില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ ഉദ്യോഗസ്ഥർ, ഈ ആക്രമണ നീക്കങ്ങൾ അത്ഭുതപ്പെടുത്തിയതായും വ്യക്തമാക്കി.
അതേസമയം, നാലു തവണ ഫോൺ സംഭാഷണം നടന്ന കാര്യം യു.എസ് പ്രതിരോധ മന്ത്രാലയ ഓഫിസ് വക്താവ് സബ്രീന സിങ് സമ്മതിച്ചു. എന്നാൽ, വിശദാംശങ്ങൾ നൽകാൻ അവർ തയാറായില്ല. മേഖലയിൽ ഏറ്റുമുട്ടൽ ശക്തമാണെങ്കിലും യു.എസിന്റെ നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്നും സബ്രീന സിങ് വ്യക്തമാക്കി. ബുധനാഴ്ച നടന്ന ഫോൺ സംഭാഷണത്തിൽ മേഖലയിലെ സുരക്ഷ വിഷയങ്ങളെ കുറിച്ചാണ് ഓസ്റ്റിനും ഗല്ലൻഡും തമ്മിൽ സംസാരിച്ചത്.
ഇറാനിൽനിന്നും ഹിസ്ബുല്ലയിൽനിന്നും ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഇസ്രായേലിനുള്ള യു.എസ് പിന്തുണ ആവർത്തിക്കുകയും ചെയ്തു. ഏറ്റുമുട്ടൽ അവസാനിപ്പിക്കാനും ഗസ്സ വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാനുമുള്ള യു.എസിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞു. ലബനാനുമായുള്ള ഇസ്രായേലിന്റെ ഉത്തര അതിർത്തിലെ സാധാരണക്കാർക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യമുണ്ടാക്കാനുള്ള നയതന്ത്ര നീക്കത്തിനുമാണ് അദ്ദേഹം ശ്രമിച്ചതെന്നും സബ്രീന സിങ് പറഞ്ഞു. ലബനാനിൽനിന്ന് അടിയന്തരമായി യു.എസ് പൗരന്മാരെ ഒഴിപ്പിക്കാൻ നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.