ഗസ്സ സിറ്റി: റഫ അതിർത്തി ഇസ്രായേൽ നിയന്ത്രണത്തിലായതിനു പിന്നാലെ ട്രക്കുകൾ കടത്തിവിടാത്തത് ഗസ്സയെ കൊടുംപട്ടിണിയിലാഴ്ത്തുന്നു. ഈജിപ്തുമായി അതിർത്തി പങ്കിടുന്ന റഫയുടെ ഫലസ്തീൻ ഭാഗം മേയ് ആറിനാണ് ഇസ്രായേൽ സൈന്യം നിയന്ത്രണത്തിലാക്കിയത്. കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ കറം അബൂ സാലിം അതിർത്തി വഴി ഭക്ഷണം കയറ്റിയ ആറ് ട്രക്കുകൾ മാത്രമാണ് കടത്തിവിട്ടതെന്ന് യു.എൻ അഭയാർഥി ഏജൻസി വക്താവ് ജൂലിയറ്റ് ടൂമ പറഞ്ഞു.
ഭക്ഷണം, ഇന്ധനം, അവശ്യവസ്തുക്കൾ എന്നിവ എത്തിക്കാൻ പ്രതിദിനം 500 ട്രക്കുകൾ എത്തണമെന്നാണ് യു.എൻ കണക്ക്. ഭക്ഷണം മാത്രമല്ല, കുടിവെള്ളവും ഇന്ധനവും കുറഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഭക്ഷ്യക്ഷാമം നേരത്തേ പിടിമുറുക്കിയ വടക്കൻ ഗസ്സക്ക് പിന്നാലെ ദക്ഷിണ, മധ്യമേഖലകളിലും ദിവസങ്ങൾക്കുള്ള ഭക്ഷണം പോലും സ്റ്റോക്കില്ലെന്നാണ് മുന്നറിയിപ്പ്. 13 ലക്ഷത്തോളം അഭയാർഥികൾ തിങ്ങിക്കഴിയുന്ന റഫയിൽ ആഗോള മുന്നറിയിപ്പുകൾ അവഗണിച്ച് കുടിയൊഴിപ്പിക്കൽ ഇസ്രായേൽ തകൃതിയാക്കിയതോടെ ദിവസങ്ങൾക്കിടെ അഞ്ചു ലക്ഷം ഫലസ്തീനികൾ നാടുവിട്ടിട്ടുണ്ട്.
ഖാൻ യൂനുസ്, ദെയ്ർ അൽബലഹ് എന്നിവിടങ്ങളിലാണ് ഈ അഭയാർഥികൾ പുതുതായി തമ്പുകൾകെട്ടി താമസിക്കുന്നത്. ഇവിടങ്ങളിലും ഭക്ഷണമില്ലാതാകുന്നത് കൂട്ടമരണത്തിനിടയാക്കുമെന്നാണ് ആശങ്ക. കടകളിൽ അവശ്യവസ്തുക്കൾ ഇല്ലാതായതിനു പുറമെ വൻ വിലക്കയറ്റവും ഭീഷണിയാകുകയാണ്. റഫയിൽ കുടിവെള്ള വിതരണം നടത്തിയിരുന്ന അൽയാസീൻ ജല സ്റ്റേഷൻ ഇസ്രായേൽ ആക്രമണത്തിനിരയായതോടെ കുടിവെള്ള വിതരണവും മുടങ്ങിയനിലയിലാണ്. ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പുറപ്പെട്ട വാഹനവ്യൂഹം തടഞ്ഞുനിർത്തിയ ഇസ്രായേൽ കുടിയേറ്റക്കാർ കഴിഞ്ഞദിവസം ഭക്ഷണം പുറത്തെറിഞ്ഞ് വാഹനങ്ങൾ അഗ്നിക്കിരയാക്കിയിരുന്നു.
വടക്കൻ ഗസ്സയിൽ വീണ്ടും കരയാക്രമണം ആരംഭിച്ച ഇസ്രായേൽ റഫയിലും ടാങ്കുകൾ വിന്യസിച്ച് ആക്രമണം തുടരുന്നുണ്ട്. രണ്ടിടങ്ങളിലും ഹമാസും മറ്റു ഫലസ്തീനി സംഘടനകളും ശക്തമായ ചെറുത്തുനിൽപ് നടത്തുന്നുണ്ട്. കിഴക്കൻ റഫയിൽ അൽജനീന, അൽസലാം, അൽബ്രാസിൽ എന്നിവിടങ്ങളിലാണ് ഇസ്രായേൽ ടാങ്കുകളും കവചിത വാഹനങ്ങളും ചൊവ്വാഴ്ച രാവിലെ കടന്നുകയറിയത്. 24 മണിക്കൂറിനിടെ ഇസ്രായേൽ ബോംബിങ്ങിൽ 82 പേർ കൊല്ലപ്പെട്ടു. 234 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കുടുംബത്തിലെ എട്ടുപേർ കൊല്ലപ്പെട്ടു. ഇതോടെ, ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 35,173 ആയി. പരിക്കേറ്റവർ 79,061ഉം. അതേസമയം, ഗസ്സയിൽ ഇസ്രായേൽ തുടരുന്നത് വംശഹത്യയാണെന്ന് ബൈഡൻ ഭരണകൂടം വിശ്വസിക്കുന്നില്ലെന്ന് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.