വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച് പ്രമേയം യു.എസ്. ജനപ്രതിനിധിസഭ പാസാക്കി. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്. ട്രംപിനെതിരായ പ്രമേയത്തെ അനുകൂലിച്ച് 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും വോട്ട് ചെയ്തു. ജനപ്രതിനിധി സഭ പാസാക്കിയ ഇംപീച്ച്മെന്റ് പ്രമേയം ഇനി ഉപരിസഭയായ സെനറ്റിന്റെ പരിഗണനക്ക് വരും.
2019 ഡിസംബർ 17നാണ് ഇതിനുമുമ്പ് ട്രംപിനെ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തത്. എന്നാൽ, പ്രമേയത്തിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചില്ല. കൂടാതെ, റിപ്പബ്ലിക്കൻ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നില്ല.
നൂറംഗ സെനറ്റിൽ നിലവിൽ 50 വീതം അംഗങ്ങളാണ് ഇരു പാർട്ടികൾക്കുമുള്ളത്. 17 റിപ്പബ്ലിക്കന്മാർ ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന് പ്രമേയത്തിന് അനുകുലമായി വോട്ടു ചെയ്താൽ മാത്രമേ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കൂ. പ്രമേയം നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണത്തിനു ശേഷമേ സെനറ്റിന്റെ പരിഗണനക്കയക്കാൻ സാധ്യതയുള്ളൂവെന്നാണ് സൂചന.
ജനുവരി ആറിന് യു.എസ് പാർലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ചു കയറാൻ അക്രമകാരികളെ പ്രേരിപ്പിച്ചുവെന്നാണ് ട്രംപിനെതിരായ ആരോപണം. പ്രസിഡന്റെന്ന നിലയിലെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെട്ട ട്രംപിനെ ഭരണഘടനയുടെ 25ാം ഭേദഗതി നൽകുന്ന അധികാരമുപയോഗിച്ച് പുറത്താക്കണമെന്ന് വൈസ് പ്രസിഡൻറ് മൈക് പെൻസിനോട് ജനപ്രതിനിധി സഭ ആവശ്യപ്പെട്ടെങ്കിലും പെൻസ് നിരസിച്ചിരുന്നു. തുടർന്നാണ് ഇംപീച്ച്മെൻറ് പ്രമേയത്തിൽ ജനപ്രതിനിധി സഭ വോട്ടു ചെയ്യാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.