ഇസ്തംബൂൾ: സമീപകാലത്തെ ഏറ്റവും വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ച് തുർക്കിയ. 2014 മുതൽ അധികാരത്തിൽ തുടരുന്ന റജബ് ത്വയ്യിബ് ഉർദുഗാന് പ്രതിപക്ഷം കടുത്ത വെല്ലുവിളി ഉയർത്തുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഞായറാഴ്ച വൈകീട്ട് അഞ്ചിന് സമാപിച്ചു.
85.14 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് സമാപിച്ച ഉടൻതന്നെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനയനുസരിച്ച് ഉർദുഗാൻ മുന്നിലാണ്.
പുതിയ പ്രസിഡന്റിനെയും പാർലമെന്റിനെയും തെരഞ്ഞെടുക്കാൻ 6.4 കോടി പേർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. രാവിലെ മുതൽതന്നെ വോട്ടർമാരുടെ നീണ്ടനിര പോളിങ് ബൂത്തുകളിൽ പ്രത്യക്ഷപ്പെട്ടു.
2016ലെ പരാജയപ്പെട്ട പട്ടാള അട്ടിമറിക്കുശേഷം ഉർദുഗാൻ ഏറ്റെടുത്ത മിക്ക അധികാരങ്ങളും തെരഞ്ഞെടുക്കപ്പെട്ടാൽ ഒഴിവാക്കുമെന്ന് മുഖ്യ പ്രതിപക്ഷ സ്ഥാനാർഥി കെമാൽ കിലിക്ദരോഗ്ലു പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കേ അപ്രതീക്ഷ പിന്മാറ്റം പ്രഖ്യാപിച്ച പ്രതിപക്ഷ സ്ഥാനാർഥി മുഹറം ഇൻസെക്ക് ലഭിച്ച വോട്ടുകൾ സാധുവായിരിക്കുമെന്ന് സുപ്രീം ഇലക്ഷൻ കമീഷൻ വ്യക്തമാക്കി.
ഉർദുഗാൻ ഉൾപ്പെടെ നാലു പേരാണ് വ്യാഴാഴ്ച വരെ മത്സര രംഗത്തുണ്ടായിരുന്നത്. എന്നാൽ, ഇൻസെ പിന്മാറിയതോടെ മത്സരം മൂന്നു പേരിലേക്ക് കേന്ദ്രീകരിച്ചു. ഉർദുഗാൻ, കെമാൽ കിലിക്ദരോഗ്ലു എന്നിവർക്ക് പുറമെ സിനാൻ ഒഗാൻ ആണ് മത്സര രംഗത്തുള്ള മറ്റൊരു സ്ഥാനാർഥി. പാർലമെന്റിലെ 600 സീറ്റിലേക്ക് 24 രാഷ്ട്രീയ പാർട്ടികളും 151 സ്വതന്ത്ര സ്ഥാനാർഥികളുമാണ് മത്സര രംഗത്തുണ്ടായിരുന്നത്.
ആറു പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന നേഷൻ അലയൻസിനെ പ്രതിനിധാനം ചെയ്താണ് കിലിക്ദരോഗ്ലു മത്സര രംഗത്തെത്തിയത്. ചെറുകിട പാർട്ടികളുടെ സഖ്യമായ അത്താ അലയൻസിനു വേണ്ടിയാണ് സിനാൻ ഒഗാൻ മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.