ദുബൈ: ‘പുറത്തേക്കിറങ്ങിയ അവൻ ഫോണെടുക്കാൻ തിരികെയെത്തിയതാണ്. പക്ഷേ, ഭൂകമ്പം അവനെയും കവർന്നു’- 12 വയസ്സുകാരൻ അഹ്മദിന്റെ വാക്കുകൾ കേട്ട് കരഞ്ഞുതളർന്നിരിക്കുകയാണ് ദുബൈയിൽ അധ്യാപികയായ സിറിയൻ സ്വദേശിനി റിമ അൽ സബ്ബൂഹ്. സിറിയയെ തകർത്തുകളഞ്ഞ ഭൂകമ്പത്തിൽ സബ്ബൂഹിന് നഷ്ടമായത് സഹോദരിയെയും രണ്ട് മക്കളെയുമാണ്. രക്ഷപ്പെട്ടത് മറ്റൊരു മകൻ അഹ്മദ് മാത്രം.
റിമയുടെ സഹോദരി ഇമാൻ (39), മക്കളായ അഹ്മദ് (12), മുഹമ്മദ് (17), റമ (22) എന്നിവർ ഹമയിലെ അപ്പാർട്ട്മെന്റിന്റെ നാലാം നിലയിലായിരുന്നു താമസം. സീലിങ്ങിന്റെ ഭാഗം അടർന്നുവീഴുന്നത് കേട്ടാണ് അഹ്മദ് ചാടിയെഴുന്നേറ്റത്. മക്കളെയും ചേർത്ത് പുറത്തേക്കോടാൻ ശ്രമിക്കുന്നതിനിടയിലാണ് മുഹമ്മദ് ഫോൺ എടുക്കാൻ മുറിയിലേക്ക് എത്തുന്നത്.
ഈ സമയം വലിയൊരു മതിൽ വീണാണ് അവന്റെ ജീവൻ നഷ്ടമായത്. ഇമാനും മക്കളും ഓടിയിറങ്ങിയെങ്കിലും കെട്ടിടം തകർന്നുവീഴുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയ അഹ്മദ് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാലിനും കൈക്കും മുഖത്തിനുമെല്ലാം സാരമായ പരിക്കേറ്റിട്ടുണ്ട്. മാനസികമായി തകർന്ന അവസ്ഥയിലാണ് അഹ്മദ്. ‘ഭൂമി കുലുങ്ങുന്നു’ എന്ന് ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നു. മൂന്നു മാസം മുമ്പ് വിവാഹം കഴിഞ്ഞ മറ്റൊരു സഹോദരി ഡയാനയുടെ ഒപ്പമായിരിക്കും അഹ്മദിന്റെ ഇനിയുള്ള ജീവിതം.
ഇദ്ലിബിലായിരുന്നു ഇമാനും കുടുംബവും താമസിച്ചിരുന്നത്. എന്നാൽ, 2013ൽ വടക്കൻ സിറിയയിലുണ്ടായ ആക്രമണത്തിൽ ഭർത്താവ് വെടിയേറ്റ് മരിച്ചതോടെയാണ് കുടുംബസമേതം താമസം മാറിയത്. യുദ്ധത്തിൽ കൊല്ലപ്പെടേണ്ട എന്ന് കരുതിയാണ് കുടുംബം ഹമയിലേക്ക് മാറിയത്. എന്നാൽ, ഇവിടെയും കാത്തിരുന്നത് വൻ ദുരന്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.